NATIONAL

പാര്‍ട്ടി പേരും ചിഹ്നവും നഷ്ടപ്പെട്ടു, സ്ഥാനാര്‍ഥി പോയി, പിന്തുണച്ച സ്ഥാനാര്‍ഥി അറസ്റ്റിലുമായി; 24 മണിക്കൂറിനിടെ മമതയ്ക്ക് സംഭവിച്ചത്

സ്വന്തം സ്ഥാനാർഥി പത്രിക പിന്‍വലിച്ചതിനു പിന്നാലെ, മമത ബാനർജി പിന്തുണച്ച കോൺഗ്രസ് സ്ഥാനാർഥി അറസ്റ്റിലായി

Author : ന്യൂസ് ഡെസ്ക്

നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാളിൽ വീണ്ടും ട്വിസ്റ്റ്. സ്വന്തം സ്ഥാനാർഥി പത്രിക പിന്‍വലിച്ചതിനു പിന്നാലെ, മമത ബാനർജി പിന്തുണച്ച കോൺഗ്രസ് സ്ഥാനാർഥി അറസ്റ്റിലായി. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ മിലാന്‍ പ്രധാനാണ് പഴയ കൊലപാതക കേസില്‍ അറസ്റ്റിലായത്. നേരത്തെ, നന്ദിഗ്രാമില്‍ മമത സ്ഥാനാര്‍ഥിയായി നിര്‍ത്തിയ സഞ്ജിത പ്രധാന്‍ നാമനിർദേശ പത്രിക പിൻവലിച്ചിരുന്നു. തുടര്‍ന്നാണ് മമത മിലാന്‍ പ്രധാന് പിന്തുണ പ്രഖ്യാപിച്ചത്.

24 മണിക്കൂറിനിടെയാണ് മമതയുമായി ബന്ധപ്പെട്ട സംഭവവികാസങ്ങള്‍. വിമത പക്ഷത്തിന്റെ എതിര്‍പ്പിനൊടുവില്‍, തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഔദ്യോഗിക പേരും ചിഹ്നവും മമതയ്ക്ക് നഷ്ടമായിരുന്നു. ഓള്‍ ഇന്ത്യ തൃണമൂല്‍ കോണ്‍ഗ്രസ് എന്ന പേരും, പാര്‍ട്ടിയുടെ പൂക്കളും പുല്ലും ചിഹ്നവും ഉപയോഗിക്കുന്നതില്‍ മമതയെയും വിമതപക്ഷത്തെയും വിലക്കിയ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുതിയ പേരും ചിഹ്നവും നല്‍കി. മമത വിഭാഗത്തിന് മമത ഓള്‍ ഇന്ത്യ തൃണമൂല്‍ കോണ്‍ഗ്രസ് എന്ന പേരാണ് അനുവദിച്ചത്. വിമത പക്ഷം ഡെമോക്രാറ്റിക് തൃണമൂല്‍ കോണ്‍ഗ്രസ് എന്നും അറിയപ്പെടും. ഫുട്ബോള്‍ കളിക്കാരനാണ് മമത പക്ഷത്തിന്റെ ചിഹ്നം. അതേസമയം, എന്‍വലപ്പ് ആണ് വിമതര്‍ക്ക് അനുവദിച്ച ചിഹ്നം. ഇരു കക്ഷികളെയും പശ്ചിമ ബംഗാള്‍, മേഘാലയ, ത്രിപുര എന്നീ സംസ്ഥാനങ്ങളിലെ അംഗീകൃത പാര്‍ട്ടിയായാണ് പരിഗണിക്കുക.

അതിനുശേഷമായിരുന്നു നന്ദിഗ്രാമിലെ സ്ഥാനാര്‍ഥി സഞ്ജിത പത്രിക പിൻവലിച്ചത്. പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ സുവേന്ദു അധികാരിയുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയായിരുന്നു സഞ്ജിത പത്രിക പിൻവലിച്ചത്. ജനാധിപത്യത്തിന്റെ കറുത്ത ദിനം എന്ന് പ്രതികരിച്ച മമത ബാനർജി, പിന്നാലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കുന്നതായി അറിയിക്കുകയായിരുന്നു. നന്ദിഗ്രാമിൽ സഞ്ജിത പ്രധാൻ, റെജിനഗറിൽ റബിയുൾ ആലം ചൗധരി എന്നിവരെയാണ് തൃണമൂല്‍ മമത വിഭാഗം സ്ഥാനാർഥികളായി പ്രഖ്യാപിച്ചിരുന്നത്. ഒക്ടോബർ ആറിനാണ് നന്ദിഗ്രാം, റജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ്.

SCROLL FOR NEXT