NATIONAL

സദാചാരം വേറെ നിയമം വേറെ, പുരുഷന് വിവാഹശേഷവും ലിവ് ഇൻ റിലേഷൻ ആകാം"; അലഹബാദ് ഹൈക്കോടതി

നേത്രപാൽ വിവാഹിതനാണെന്നും മകളെ ഇയാൾ വശീകരിച്ച് കൊണ്ടുപോയതാണെന്നും ആരോപിച്ചാണ് പരാതി

Author : ശാലിനി രഘുനന്ദനൻ

പ്രയാഗ്‌രാജ്; വിവാഹിതനായ പുരുഷൻ മറ്റൊരു സ്ത്രീക്കൊപ്പം ലിവ് ഇൻ ബന്ധത്തിൽ ഏർപ്പെടുന്നത് കുറ്റകരമല്ലെന്ന് അലഹബാദ് ഹൈക്കോടതി. സദാചാരവും നിയമവും രണ്ടാണ്. ഉഭയസമ്മതപ്രകാരമുള്ള ലിവ് ഇൻ ബന്ധത്തിൽ ആയതിനാൽ നിയമത്തിന്റെ കണ്ണിലൂടെ നോക്കുമ്പോൾ പുരുഷൻ കുറ്റമൊന്നും ചെയ്യുന്നില്ല. പൗരന്മാരുടെ അവകാശങ്ങൾ സംരക്ഷിക്കാനുള്ള കോടതിയുടെ കടമയെ മറികടക്കാൻ സാമൂഹിക ധാർമികതയ്ക്ക് കഴിയില്ലെന്നും കോടതി വ്യക്തമാക്കി.

ഉത്തർപ്രദേശിലെ ഷാജഹാൻപൂർ സ്വദേശികളായ അനാമിക, നേത്രപാൽ എന്നിവർ നൽകിയ ഹർജിയിലാണ് ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. നേത്രപാൽ വിവാഹിതനാണെന്നും മകളെ ഇയാൾ വശീകരിച്ച് കൊണ്ടുപോയതാണെന്നും ആരോപിച്ച് അനാമികയുടെ അമ്മയാണ് പൊലീസിൽ പരാതി നൽകിയത്. ഈ ഹർജി പരിഗണിക്കവേയാണ് വിവാഹിതനായ പുരുഷൻ മറ്റൊരു സ്ത്രീക്കൊപ്പം താമസിക്കുന്നതുമായി ബന്ധപ്പെട്ട നിയമവശങ്ങൾ കോടതി വ്യക്തമാക്കിയത്.

വിവാഹിതനായതുകൊണ്ട് മറ്റൊരു സ്ത്രീക്കൊപ്പം താമസിക്കുന്നത് കുറ്റകരമാണ് എന്നായിരുന്നു യുവതിയുടെ കുടുംബത്തിന് വേണ്ടി ഹാജരായ അഭിഭാഷകരുടെ വാദം.വാദം കേട്ട കോടതി സാമൂഹ്യ ധാർമ്മികതയും നിയമവും വ്യത്യസ്തമാണെന്ന് നിരീക്ഷിച്ചു. പരസ്പര സമ്മതത്തോടെ ഒരുമിച്ച് ജീവിക്കുന്നതിനെ കുറ്റമായി കാണാനാവില്ലെന്ന് ജസ്റ്റിസ് ജെ.ജെ. മുനീർ, ജസ്റ്റിസ് തരുൺ സക്‌സേന എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.

SCROLL FOR NEXT