ന്യൂഡൽഹി: വിവാഹ മോചനത്തെക്കുറിച്ചും ദാമ്പത്യ ജീവിതത്തില്‍ അനുഭവിച്ച ബുദ്ധിമുട്ടുകളെക്കുറിച്ചും തുറന്നു പറഞ്ഞ് ബോക്‌സിങ് താരം മേരി കോം. ആറ് തവണ ലോക ചാംപ്യന്‍ ആയ ഒളിംപിക്‌സ് ബ്രോണ്‍സ് മെഡലിസ്റ്റ് ആയ മേരി കോം പിടിഐയോടാണ് തന്റെ ജീവിതത്തിലെ 'ഇരുണ്ട കാല'ത്തെക്കുറിച്ച് പറഞ്ഞത്.
താന്‍ ജീവിതത്തിലൂടെ കടന്നു പോയ അവസ്ഥയെക്കുറിച്ച് ഒന്നും അറിയാത്ത ആളുകളാണ് തന്നെ അത്യാര്‍ത്തിയുള്ളവായി കണക്കാക്കുന്നതെന്നും ഭര്‍ത്താവ് ഓണ്‍ലറുമായി താന്‍ ബന്ധം വേര്‍പിരിഞ്ഞെന്നും രണ്ട് വര്‍ഷം മുമ്പ് തന്നെ ഇതെല്ലാം നടന്നുവെന്നും മേരി കോം പറയുന്നു.
'വീണ്ടും മത്സരിക്കുന്നത് വരെയും സാമ്പത്തിക കാര്യങ്ങളിലെല്ലാം വളരെ കുറച്ച് ഇടപെടലുകള്‍ മാത്രം നടത്തിയിരുന്ന വരെയും എല്ലാം നല്ല പോലെ തന്നെയാണ് പോയത്. പക്ഷെ 2022 കോമണ്‍വെല്‍ത്ത് ഗെയിംസിന് മുന്നോടിയായി എനിക്ക് പരിക്ക് പറ്റിയ സമയത്താണ് ഞാന്‍ ജീവിച്ചുകൊണ്ടിരിക്കുന്നത് ഒരു കള്ളത്തിന് നടുവിലാണെന്ന് മനസിലായത്. ഏറെ നാള്‍ കിടപ്പിലായ എനിക്ക് പിന്നീട് നടക്കാന്‍ വാക്കര്‍ ആവശ്യമായിരുന്നു. അപ്പോഴാണ് ഞാന്‍ മനസിലാക്കിയത് അത്രയും കാലം ഞാന്‍ വിശ്വസിച്ചിരുന്ന ആള്‍ അങ്ങനെ അല്ലായിരുന്നു എന്ന്. ആളുകള്‍ക്ക് മുന്നില്‍ വെറുമൊരു കാഴ്ച്ചക്കാരിയായി ഇരിക്കാന്‍ എനിക്ക് താല്‍പ്പര്യമുണ്ടായിരുന്നില്ല. അതിനാല്‍ കുറേ ശ്രമങ്ങള്‍ക്ക് ശേഷം വിവാഹമോചനത്തിലൂടെയാണ് കാര്യങ്ങള്‍ പരിഹരിച്ചത്,' മേരി കോം പറഞ്ഞു.
ഇനി ഒരുമിച്ചുള്ള ഒരു ജീവിതം സാധ്യമാകില്ലെന്ന് താന്‍ തന്റെയും ഓണ്‍ലറുടെയും കുടുംബത്തെ അറിയിച്ചു. അവര്‍ക്ക് അത് മനസിലായി. ഇക്കാര്യങ്ങള്‍ സ്വകാര്യമായി തന്നെ നില്‍ക്കണമെന്നാണ് ആഗ്രഹിച്ചത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം തന്നെ മനഃപൂര്‍വ്വം അപമാനിക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടായി. ആദ്യമൊക്കെ ഒന്നും പ്രതികരിക്കേണ്ടെന്നാണ് കരുതിയത്. എന്നാല്‍ തന്റെ നിശബ്ദതയും തെറ്റായി വ്യാഖ്യാനിക്കപ്പെടുകയും ആക്രമണങ്ങള്‍ നടക്കുകയുമാണ് ചെയ്തതെന്നും മേരി കോം പറഞ്ഞു.
ഓണ്‍ലര്‍ ലോണ്‍ എടുത്തുകൊണ്ടിരിക്കുകയായിരുന്നു. തന്റെ വസ്തുക്കളെല്ലാം പണയപ്പെടുത്തി. അത് അയാളുടെ പേരിലേക്ക് മാറ്റി. ചുരാചന്ദ്പൂരിലെ നാട്ടുകാരില്‍ നിന്ന് അയാള്‍ പണം കടംവാങ്ങി. അത് തിരിച്ചുപിടിക്കാന്‍ രഹസ്യ സംഘങ്ങള്‍ വഴി ഭൂമി പിടിച്ചെടുത്തു എന്നും മേരി കോം പറഞ്ഞു.
ഒരു പൊലീസ് നടപടിയുമായും പോകാന്‍ താല്‍പ്പര്യപ്പെടുന്നില്ല. നാല് കുട്ടികളുണ്ട്. അവരെ പരിപാലക്കേണ്ടതുണ്ട്. ദയവ് ചെയ്ത് വെറുതെ വിടൂ എന്നും മേരി കോം ആവശ്യപ്പെടുന്നു.