ജയ്പൂർ: രാജസ്ഥാനിലെ ജയ്പൂരിലുള്ള സവായ് മൻ സിംഗ് ആശുപത്രിയിൽ വൻ തീപിടിത്തം. തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന എട്ട് രോഗികൾ മരിച്ചുവെന്നാണ് റിപ്പോർട്ട്. തീപിടിത്തത്തെ തുടർന്ന് ഗുരുതരാവസ്ഥയിലുള്ള രോഗികൾ ഓക്സിജൻ സിലിണ്ടറുകളുമായി റോഡിലേക്കിറങ്ങി. ഷോർട്ട് സർക്യൂട്ട് ആണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
ജയ്പൂരിലെ ആശുപത്രിയിൽ ഉണ്ടായ അപകടം വേദനാജനകമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചു. ദുരന്തത്തിൽ മരിച്ചവരുടെ ബന്ധുക്കളുടെ വേദനയിൽ പങ്കുചേരുകയാണ്. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും പ്രധാനമന്ത്രി ആശംസിച്ചു.
സംഭവം ദൗർഭാഗ്യകരമാണെന്നും ചിലർക്ക് അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടതായും മന്ത്രി ജവഹർ സിംഗ് ബേധാം പറഞ്ഞു. മരണ സംഖ്യ എസ്എംഎസ് അഡ്മിനിസ്ട്രേഷൻ പുറത്തുവിടും. അത്യാഹിത വിഭാഗത്തിൽ ചികിത്സയിൽ ഉണ്ടായിരുന്ന 24 പേരിൽ ഭൂരിഭാഗവും രക്ഷപ്പെട്ടു. അവരുടെ പൂർണമായ ചികിത്സയാണ് മുൻഗണനയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.