വിശാഖപട്ടണം: ആന്ധ്രാപ്രദേശിൽ ടാറ്റാനഗർ-എറണാകുളം എക്സ്പ്രസിൻ്റെ ബോഗികൾക്ക് തീപിടിച്ച് ഒരാൾ മരിച്ചു. ഇന്ന് പുലർച്ചെയായിരുന്നു യലമഞ്ചലിയിൽ വെച്ച് ട്രെയിനിന് തീപിടിച്ചത്.
ട്രെയിനിലെ രണ്ട് കോച്ചുകളിലാണ് തീപിടിച്ചത്. തീപിടിക്കുന്ന സമയത്ത് കോച്ചുകളിലൊന്നിൽ 82 യാത്രക്കാരും രണ്ടാമത്തെ കോച്ചിൽ 76 യാത്രക്കാരുമാണുണ്ടായിരുന്നത്. ട്രെയിനിൻ്റെ B1 കോച്ചിലുണ്ടായിരുന്ന ചന്ദ്രശേഖർ സുന്ദരം എന്നയാളാണ് മരിച്ചത്.
എറണാകുളത്തേക്ക് പോകുകയായിരുന്ന ട്രെയിനിൽ നിന്ന് കേടായ രണ്ട് കോച്ചുകൾ വേർപെടുത്തി. ഈ കോച്ചുകളിലെ യാത്രക്കാരെ ലക്ഷ്യസ്ഥാനത്തേക്ക് എത്തിക്കാനുള്ള നടപടിയും സ്വീകരിച്ചിട്ടുണ്ട്. തീപിടിത്തത്തിൻ്റെ കാരണം സംബന്ധിച്ച് ഫോറൻസിക് വിദഗ്ധർ അന്വേഷണം ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി.