Jannat Bishnoi, Young Face Beside Rahul Gandhi At Supreme Court March News Malayalam 24x7
NATIONAL

സുപ്രീം കോടതി മാർച്ചിൽ രാഹുൽ ഗാന്ധിക്കൊപ്പം അണിനിരന്ന യുവതി ആര്? കുടുംബം മൊത്തം ബിജെപിയിൽ പോയിട്ടും കോൺഗ്രസിനൊപ്പം; ജന്നത്ത് ബിഷ്ണോയി ശ്രദ്ധാകേന്ദ്രമാകുന്നു

ഹരിയാന മുൻ മുഖ്യമന്ത്രി ഭജൻ ലാലിന്റെ പൗത്രിയും മുൻ എംഎൽഎ കുൽദീപ് ബിഷ്ണോയിയുടെ മകളും ബിജെപി നേതാവ് ഭവ്യ ബിഷ്ണോയിയുടെ സഹോദരിയുമാണ് ജന്നത്ത് എന്നതാണ് ഇവരുടെ സാന്നിധ്യത്തെ രാഷ്ട്രീയമായി ഏറെ കൗതുകമുള്ളതാക്കുന്നത്.

Author : ന്യൂസ് ഡെസ്ക്

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ 'ഇന്ത്യ' മുന്നണി നേതാക്കൾ ഡൽഹിയിൽ സുപ്രീം കോടതിയിലേക്ക് നടത്തിയ വൻ പ്രതിഷേധ മാർച്ചിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ തൊട്ടടുത്ത് അണിനിരന്ന യുവതി ദേശീയ രാഷ്ട്രീയത്തിൽ ശ്രദ്ധാകേന്ദ്രമാകുന്നു. ഹരിയാനയിലെ പ്രമുഖ രാഷ്ട്രീയ കുടുംബത്തിൽ നിന്നുള്ള യുവ വിദ്യാർത്ഥി നേതാവ് ജന്നത്ത് ബിഷ്ണോയിയാണ് രാഹുൽ ഗാന്ധിക്കൊപ്പം മാർച്ചിൽ മുൻനിരയിൽ ഉണ്ടായിരുന്നത്. കോൺഗ്രസിന്റെ വിദ്യാർത്ഥി സംഘടനയായ നാഷണൽ സ്റ്റുഡന്റ്സ് യൂണിയൻ ഓഫ് ഇന്ത്യയുടെ സജീവ പ്രവർത്തകയായ ജന്നത്ത്, നിലവിൽ ഡൽഹി യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ് യൂണിയന്റെ എക്സിക്യൂട്ടീവ് കൗൺസിലർ കൂടിയാണ്. ഡൽഹി യൂണിവേഴ്സിറ്റിയിൽ പൊളിറ്റിക്കൽ സയൻസിൽ ബിരുദാനന്തര ബിരുദവിദ്യാർത്ഥിനിയായ ഇവർ, നേരത്തെ പ്രശസ്തമായ മിറാൻഡ ഹൗസ് കോളേജ് യൂണിയൻ ജോയിന്റ് സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.

ഹരിയാന മുൻ മുഖ്യമന്ത്രി ഭജൻ ലാലിന്റെ പൗത്രിയും മുൻ എംഎൽഎ കുൽദീപ് ബിഷ്ണോയിയുടെ മകളും ബിജെപി നേതാവ് ഭവ്യ ബിഷ്ണോയിയുടെ സഹോദരിയുമാണ് ജന്നത്ത് എന്നതാണ് ഇവരുടെ സാന്നിധ്യത്തെ രാഷ്ട്രീയമായി ഏറെ കൗതുകമുള്ളതാക്കുന്നത്. 2022-ൽ പിതാവ് കുൽദീപ് ബിഷ്ണോയിയും സഹോദരനും കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേക്കേറിയപ്പോഴും കുടുംബത്തിന്റെ രാഷ്ട്രീയ മാറ്റത്തിനൊപ്പം പോകാതെ കോൺഗ്രസ് പ്രത്യയശാസ്ത്രത്തിനൊപ്പം ഉറച്ചുനിൽക്കാൻ ജന്നത്ത് തീരുമാനിക്കുകയായിരുന്നു. മുതിർന്ന നേതാക്കൾക്കൊപ്പം കുടുംബ പാരമ്പര്യത്തെ മറികടന്ന് സ്വന്തം രാഷ്ട്രീയ നിലപാടിൽ ഉറച്ചുനിൽക്കുന്ന ഒരു യുവനേതാവ് രാഹുലിനൊപ്പം സമരമുഖത്ത് എത്തിയത് സമൂഹമാധ്യമങ്ങളിലും വലിയ ചർച്ചയായിട്ടുണ്ട്. നേരത്തെ രാഹുല്‍ ഗാന്ധിയുടെ സ്മാഷ് പാട്രിയാക്കി ക്യാംപെയിനിലും ജന്നത്ത് ബിഷ്ണോയി പങ്കെടുത്തിട്ടുണ്ട്.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ നേതൃത്വത്തിൽ നടന്ന വോട്ടർപട്ടിക പരിഷ്കരണത്തിൽ തിരിമറിയുണ്ടെന്ന് ആരോപിച്ച് 'വോട്ട് ചോരി'ക്കെതിരെ നടന്ന മാർച്ചിൽ വിദ്യാർത്ഥികളുടെയും യുവാക്കളുടെയും ശബ്ദമായാണ് ജന്നത്ത് രാഹുൽ ഗാന്ധിക്കൊപ്പം അണിനിരന്നത്. ഡൽഹിയിലെ കൽക്കാജിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ സ്ത്രീസുരക്ഷ ഉറപ്പാക്കണമെന്ന പ്ലക്കാർഡുകളും മാർച്ചിൽ ഉയർത്തിയിരുന്നു. പാർലമെന്റ് സ്ട്രീറ്റിൽ വെച്ച് മാർച്ച് പോലീസ് തടഞ്ഞതിനെ തുടർന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികൾക്ക് സ്റ്റേ ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി സുപ്രീം കോടതിയിലെത്തുകയും പ്രതിപക്ഷ ലീഗൽ ടീം ഹർജി ഫയൽ ചെയ്യുകയും ചെയ്തു.

SCROLL FOR NEXT