Image: X  News malayalam 24x7
NATIONAL

അപ്രത്യക്ഷമായത് 4000 മെട്രിക് ടണ്‍ കല്‍ക്കരി; മേഘാലയിലെ കനത്ത മഴയില്‍ ഒലിച്ചുപോയിക്കാണുമെന്ന് മന്ത്രി

കൽക്കരി കാണാതായതിൽ ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടുകയും ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാനും നിര്‍ദേശിച്ചിരുന്നു

Author : ന്യൂസ് ഡെസ്ക്

ഗുവാഹത്തി: മേഘാലയയില്‍ അനധികൃതമായി ഖനനം ചെയ്ത 4000 മെട്രിക് ടണ്‍ കല്‍ക്കരി കാണാതായ സംഭവത്തില്‍ വിചിത്ര വാദവുമായി മന്ത്രി കൈര്‍മന്‍ ഷൈല. മേഘാലയിലെ കനത്ത മഴയില്‍ കല്‍ക്കരിയെല്ലാം ഒഴുകിപ്പോയിരിക്കാമെന്നാണ് മന്ത്രിയുടെ പ്രതികരണം.

അനധികൃതമായി ഖനനം ചെയ്ത കല്‍ക്കരി കാണാതയതില്‍ മേഘാലയ ഹൈക്കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചതിനു പിന്നാലെയാണ് മന്ത്രിയുടെ വിചിത്ര വിശദീകരണം. മന്ത്രിയുടെ മറുപടി മേഘാലയയില്‍ വലിയ വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ഇടയാക്കിയിട്ടുണ്ട്.

വിഷയത്തില്‍ ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടുകയും ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാനും നിര്‍ദേശിച്ചിരുന്നു. സൗത്ത് വെസ്റ്റ് ഖാസി ഹില്‍സ് ജില്ലയിലെ റാണികോര്‍ ബ്ലോക്കിലെ രണ്ട് ഡിപ്പോകളില്‍ നിന്നാണ് കല്‍ക്കരി അപ്രത്യക്ഷമായത്.

അനധികൃത കല്‍ക്കരി വ്യാപരമുണ്ടോ ഇല്ലയോ എന്ന് സ്ഥിരീകരിക്കാതെ മേഘാലയിലെ പ്രകൃതി ദുരന്തമാകും കല്‍ക്കരി കാണാതയതിനു പിന്നിലെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.

കല്‍ക്കരി കാണാതയതിനെ താന്‍ ന്യായീകരിക്കുകയല്ലെന്നും എന്നാല്‍, രാജ്യത്ത് ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്ന പ്രദേശമാണ് മേഘാലയയെന്നും മന്ത്രി പറഞ്ഞു. കനത്ത മഴയില്‍ എന്തും സംഭവിക്കാം. മേഘാലയിലെ കനത്ത മഴ മൂലം അസമില്‍ വെള്ളപ്പൊക്കമുണ്ടായെന്നും കിഴക്കന്‍ ജയന്തിയ കുന്നുകളില്‍ നിന്നുള്ള മഴവെള്ളം ബംഗ്ലാദേശിലേക്ക് ഒഴുകിയതായും പറയുന്നുണ്ട്. എന്താണ് സംഭവിച്ചതെന്ന് ആര്‍ക്കുമറിയില്ല, ഒരുപക്ഷെ, മഴവെള്ളത്തിനൊപ്പം കല്‍ക്കരിയും ഒഴുകിപ്പോയിരിക്കാം- ഷില്ലോങ്ങില്‍ മാധ്യമങ്ങളോട് മന്ത്രി പറഞ്ഞു.

എന്നാല്‍, കല്‍ക്കരി കാണാതായതില്‍ മഴയെ മാത്രം പഴിചാരാന്‍ തനിക്കാകില്ലെന്നും മന്ത്രി പറഞ്ഞു. അനധികൃത കല്‍ക്കരി വ്യാപാരം നടന്നുവെന്ന് പറയാന്‍ തന്റെ പക്കല്‍ കൃത്യമായ വിവരങ്ങളില്ല. നിയമവിരുദ്ധമായ കല്‍ക്കരി ഖനനവും കടത്തും ഉണ്ടെങ്കില്‍ അത് തടയാന്‍ അധികാരികള്‍ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

4000 മെട്രിക് ടണ്‍ കല്‍ക്കരി അപ്രത്യക്ഷമായതിനു പിന്നില്‍ അനധികൃത കടത്തലാണെന്നാണ് പ്രധാന ആരോപണം. ഇതിനെ കുറിച്ച് അന്വേഷിക്കാന്‍ ജസ്റ്റിസ് എച്ച്.എസ്. തങ്ഖീവ് അധ്യക്ഷനായ ബെഞ്ച് സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു. ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാനും നിര്‍ദേശിച്ചിരുന്നു.

SCROLL FOR NEXT