ഡൽഹി: വാട്സ്ആപ്പിലെ പുതിയ യൂസർ നെയിം ഫീച്ചറുമായി ബന്ധപ്പെട്ട് കേന്ദ്ര ഐടി മന്ത്രാലയം അയച്ച നോട്ടിസിനു മറുപടി നൽകി മെറ്റ. യഥാർഥ ഉടമകൾക്ക് മാത്രമായിരിക്കും യൂസർനെയിം ഫീച്ചറുകൾ ലഭ്യമാകുക എന്നാണ് മെറ്റയുടെ മറുപടി. ദുരുപയോഗം തടയാനുള്ള നടപടിയെടുക്കും. സുരക്ഷ ഫീച്ചറുകൾ തട്ടിപ്പ് തടയുമെന്നുമാണ് മെറ്റ നൽകിയ മറുപടിയിൽ പറയുന്നത്. മറുപടി സർക്കാർ വിശദമായി പരിശോധിച്ചു വരികയാണെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
സർക്കാരുമായി കൂടിയാലോചിക്കാതെ ഫീച്ചർ അവതരിപ്പിക്കരുതെന്നായിരുന്നു കേന്ദ്രം അയച്ച കത്തിലെ ആവശ്യം. പുതിയ ഫീച്ചറിൽ സൈബർ തട്ടിപ്പുകൾ വർധിക്കാനും ഡിജിറ്റൽ അറസ്റ്റ് ഭീഷണികൾ, വ്യാജ വ്യക്തിത്വം ചമയൽ എന്നിവ വർധിപ്പിക്കുമെന്നും സർക്കാർ കത്തിൽ വ്യക്തമാക്കിയിരുന്നു. സർക്കാർ അനുമതി നൽകുന്നതുവരെ പുതിയ ഫീച്ചർ ഇന്ത്യയിൽ അവതരിപ്പിക്കരുതെന്നായിരുന്നു നിർദേശം. ചർച്ചകൾ പൂർത്തിയാകാതെ ഇന്ത്യയിൽ ഫീച്ചർ പുറത്തിറക്കില്ലെന്ന് മെറ്റയും ഉറപ്പുനൽകിയിട്ടുണ്ട്.
പ്രമുഖ വ്യക്തികൾ, സർക്കാർ സ്ഥാപനങ്ങൾ, സിനിമാ താരങ്ങൾ എന്നിവരുടെ പേരുകളിലുള്ള യൂസർനെയിമുകൾ മറ്റാർക്കും ദുരുപയോഗം ചെയ്യാൻ കഴിയാത്ത വിധമുള്ള സുരക്ഷാ ഫീച്ചറുകൾ ഒരുക്കും. അക്കൗണ്ട് തുടങ്ങാൻ ഫോൺ നമ്പർ നിർബന്ധമാണ്. ഒരുപാട് പുതിയ ആളുകളെ ബന്ധപ്പെടുന്നതിന് നിയന്ത്രണങ്ങൾ വയ്ക്കും. അറിയാത്ത വ്യക്തികളിൽ നിന്നും മെസേജുകൾ ലഭിക്കുമ്പോൾ ഏത് രാജ്യത്ത് നിന്നുള്ളതാണോ തുടങ്ങിയ വിവരങ്ങൾ അക്കൗണ്ട് വിവരങ്ങൾ ലഭ്യമാക്കുമെന്നും മെറ്റയും ഉറപ്പുനൽകിയിട്ടുണ്ട്.