അമിത് ഷാ  Source: x/ Amit Shah
NATIONAL

"രാജ്യത്ത് ഇംഗ്ലീഷ് സംസാരിക്കുന്നവർ ലജ്ജിക്കേണ്ടി വരും, അത്തരമൊരു സമൂഹത്തിൻ്റെ സൃഷ്ടി വിദൂരമല്ല": അമിത് ഷാ

പകുതി വെന്ത വിദേശ ഭാഷകളിലൂടെ സമ്പൂർണ ഇന്ത്യ എന്ന ആശയം സങ്കൽപ്പിക്കാൻ കഴിയില്ലെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.

Author : ന്യൂസ് ഡെസ്ക്

ഇംഗ്ലീഷ് ഭാഷയ്ക്കെതിരെ വിമർശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഈ രാജ്യത്ത്, ഇംഗ്ലീഷ് സംസാരിക്കുന്നവർ ലജ്ജിക്കേണ്ടിവരുമെന്നും അത്തരമൊരു സമൂഹത്തിന്റെ സൃഷ്ടി വിദൂരമല്ലെന്നും അമിത് ഷാ പറഞ്ഞു.

"നമ്മുടെ ഭാഷകൾ നമ്മുടെ സംസ്കാരത്തിൻ്റെ രത്നങ്ങളാണ്. നമ്മുടെ രാജ്യം, നമ്മുടെ സംസ്കാരം, ചരിത്രം, നമ്മുടെ മതം എന്നിവ മനസിലാക്കാൻ ഒരു വിദേശ ഭാഷയും മതിയാകില്ല", അമിത് ഷാ പറഞ്ഞു. ഇന്ത്യയുടെ ഭാഷാ പൈതൃകം വീണ്ടെടുക്കാനും മാതൃഭാഷകളിൽ അഭിമാനത്തോടെ ലോകത്തെ നയിക്കാനുമുള്ള സമയം അതിക്രമിച്ചിരിക്കുന്നു. പകുതി വെന്ത വിദേശ ഭാഷകളിലൂടെ സമ്പൂർണ ഇന്ത്യ എന്ന ആശയം സങ്കൽപ്പിക്കാൻ കഴിയില്ലെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.

മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥൻ ഐഎഎസ് അശുതോഷ് അഗ്നിഹോത്രി എഴുതിയ 'മെയിൻ ബൂന്ദ് സ്വയം, ഖുദ് സാഗർ ഹൂൺ' എന്ന പുസ്തകത്തിൻ്റെ പ്രകാശന ചടങ്ങിലാണ് അമിത് ഷായുടെ പ്രതികരണം.

ഇന്ത്യയുടെ ഭാഷാപരമായ പൈതൃകം വീണ്ടെടുക്കുന്നതിന് രാജ്യമെമ്പാടും നവീകരിച്ച ശ്രമങ്ങൾ നടത്തണമെന്നും അമിത് ഷാ ആഹ്വാനം ചെയ്തു. ലോകമെമ്പാടുമുള്ള കൊളോണിയൽ അടിമത്തത്തിൻ്റെ പ്രതീകമായി ഇംഗ്ലീഷ് അവഗണിക്കപ്പെടുമെന്നും അമിത് ഷാ വ്യക്തമാക്കി.

"ഈ പോരാട്ടം എത്ര ബുദ്ധിമുട്ടുള്ളതാണെന്ന് എനിക്ക് പൂർണമായി അറിയാം. പക്ഷേ ഇന്ത്യൻ സമൂഹം അതിൽ വിജയിക്കുമെന്ന് എനിക്ക് പൂർണ വിശ്വാസമുണ്ട്. ആത്മാഭിമാനത്തോടെ, നമ്മൾ നമ്മുടെ സ്വന്തം ഭാഷകളിൽ നമ്മുടെ രാജ്യത്തെ ഭരിക്കും, ലോകത്തെയും നയിക്കും", അമിത് ഷാ കൂട്ടിച്ചേർത്തു.

SCROLL FOR NEXT