കാൺപൂർ; ഒരു ചിക്കൻ കാലിനെച്ചൊല്ലിത്തുടങ്ങിയ തർക്കം ചെന്നെത്തിയത് 15 കാരന്റെ കൊലപാതകത്തിൽ. ഉത്തർപ്രദേശിലെ കനൗജിലാണ് ദാരുണമായ സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഒരു കല്യാണവിട്ടിലെ തർക്കമാണ് ക്രൂര കൊലപാതകത്തിൽ കലാശിച്ചത്. അതും ഒരു ചിക്കൻ പീസിന്റെ പേരിൽ. വെള്ളിയാഴ്ച രാത്രിയാണ് സംഭവം.
അഹൈർ ഗ്രാമത്തിൽ ഒരു വിവാഹ വിരുന്നിനെത്തിയ 65 കാരൻ ഭക്ഷണത്തിനിടെ ഒരു ചിക്കൻകാൽ അധികം ചോദിച്ചു. അത് വിരുന്ന് നടത്തിയവർക്ക് ഇഷ്ടപ്പെട്ടില്ല. അവർ അദ്ദേഹത്തെ അപമാനിക്കാനും, പരിഹസിക്കാനും തുടങ്ങി. അതോടെ 15 കാരനായ കൊച്ചുമകൻ അതിനെ ചോദ്യം ചെയ്തു. മുത്തച്ഛനെ പിന്തുണച്ച് സംസാരിച്ചു.
അതോടെ പരിഹസിച്ചിരുന്ന സംഘം അക്രമികളായി പെരുമാറിത്തുടങ്ങി. 15 കാരനെ ക്രൂരമായി മർദ്ദിച്ചു. കട്ട കൊണ്ട് ആക്രമിച്ചാണ് കൊലപ്പെടുത്തിയത്. നെഞ്ചിലും പുറത്തും കട്ട കൊണ്ടുള്ള ഇടിയേറ്റാണ് 15കാരൻ കൊല്ലപ്പെട്ടത്. പരിക്കേറ്റ് തളർന്ന് വീണ 15കാരനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊലക്കു പിറകെ അക്രമികൾ രക്ഷപ്പെട്ടു.
സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. മരിച്ച ആൺകുട്ടിയുടെ അച്ഛനും, ബന്ധുവിനും ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. കനൗജ് പൊലീസ് സൂപ്രണ്ട് വിനോദ് കുമാർ, സർക്കിൾ ഇൻസ്പെക്ടർ തിർവ കുൽവീർ സിംഗ്, ഇൻസ്പെക്ടർ ഇൻ ചാർജ് സഞ്ജയ് കുമാർ ശുക്ള എന്നിവർ സംഭവസ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. വലിയ പ്രതിഷേധങ്ങൾ ഉണ്ടാകാതിരിക്കാനുള്ള മുൻകരുതലും പൊലീസ് സ്വീകരിച്ചിരുന്നു.