ബംഗാളിൽ ഇന്നലെ ആൾക്കൂട്ട മർദനത്തിന് ഇരയായി കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞു. മംഗളുരു സ്വദേശി സന്ദീപ് നായിക്കാണ് കൊല്ലപ്പട്ടത്. സന്ദീപ് നായർ എന്നയാളാണ് മരിച്ചത് എന്ന് ആദ്യം പ്രചരിച്ചിരുന്നു.
സംഭവത്തിൽ ബംഗാൾ പൊലീസ് മംഗളുരു പൊലീസിനെ ബന്ധപ്പെട്ടു. മോഷണമാരോപിച്ചാണ് ബംഗാളിൽ ആൾക്കൂട്ടം ഇയാളെ മരത്തിൽ കെട്ടിയിട്ട ശേഷം അതിക്രൂരമായി മർദിച്ചു കൊലപ്പെടുത്തിയത്.
കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സംഭവം. കേരളത്തിൽ ജോലി ചെയ്യുന്ന സഹപ്രവർത്തകർക്കൊപ്പം രണ്ടാഴ്ച മുമ്പാണ് സന്ദീപ് നായിക് ബംഗാളിൽ എത്തിയത്. മോഷ്ടാവെന്ന് ആരോപിച്ചാണ് ആൾക്കൂട്ടം നിരപരാധിയായ സന്ദീപിനെ മർദിച്ച് കൊലപ്പെടുത്തിയത്. സംഭവത്തിൽ നേരിട്ട് പങ്കുള്ള 5 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൂടാതെ രണ്ട് കൗമാരക്കാരും കുറ്റകൃത്യത്തിൽ ഏർപ്പെട്ടിട്ടുണ്ട്. ഇവരും പൊലീസ് കസ്റ്റഡിയിലാണ്.