മോഹൻ ഭഗവത് Source: X/ RSS
NATIONAL

"നാം രണ്ട്, നമുക്ക് മൂന്ന്"; രാജ്യത്ത് എല്ലാവർക്കും മൂന്ന് കുട്ടികളെങ്കിലും വേണമെന്ന് മോഹൻ ഭഗവത്

മതപരിവർത്തനം മൂലം രാജ്യത്തെ ജനസംഖ്യാ സന്തുലനം നഷ്ടമാകുന്നു എന്നും ആർഎസ്എസ് മേധാവി പറഞ്ഞു.

Author : ന്യൂസ് ഡെസ്ക്

എല്ലാ ഇന്ത്യൻ ദമ്പതികൾക്കും മൂന്ന് കുട്ടികൾ ഉണ്ടാകണമെന്ന് ആഹ്വാനവുമായി ആർഎസ്എസ് മേധാവി മോഹൻ ഭഗവത്. ആർ‌എസ്‌എസ് ശതാബ്ദി ആഘോഷത്തിൻ്റെ ഭാഗമായി മാധ്യമങ്ങളെ കണ്ട് സംസാരിക്കുകയായിരുന്നു മോഹൻ ഭഗവത്. മതപരിവർത്തനം മൂലം രാജ്യത്തെ ജനസംഖ്യാ സന്തുലനം നഷ്ടമാകുന്നു എന്നും ആർഎസ്എസ് മേധാവി പറഞ്ഞു. അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി അധികാരികൾക്ക് മുന്നിൽ എത്തിക്കണമെന്നും കൂട്ടിച്ചേർത്തു.

ബിജെപിയുമായി ചില അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെങ്കിലും തർക്കങ്ങളില്ലെന്നും മോഹൻ ഭഗവത് പറഞ്ഞു. പുതിയ ബിജെപി പ്രസിഡന്റിനെ പ്രഖ്യാപിക്കുന്നതിലെ കാലതാമസത്തെക്കുറിച്ച് സംസാരിച്ച അദ്ദേഹം, അത്തരം അനുമാനങ്ങൾ അടിസ്ഥാനരഹിതമാണെന്നും പറഞ്ഞു. ആർഎസ്എസ് തീരുമാനിച്ചിരുന്നെങ്കിൽ, അതിന് ഇത്രയും സമയമെടുക്കുമായിരുന്നോവെന്നും മോഹൻ ഭഗവത് പറഞ്ഞു. ബിജെപിയും ആർഎസ്എസും തമ്മിൽ ഒരു തർക്കവുമില്ലെന്നും നല്ല ഏകോപനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിലെ ബിജെപി അധ്യക്ഷനും മന്ത്രിയുമായ ജെ.പി. നദ്ദ രണ്ട് വർഷം മുമ്പ് കാലാവധി പൂർത്തിയാക്കിയിരുന്നു, എന്നാൽ കാലാവധി നീട്ടിയിരിക്കുകയാണ്.

ഇംഗ്ലീഷ് ഭാഷ പഠിക്കുന്നതിൽ തെറ്റില്ലെന്നും മാതൃഭാഷയെ അവഗണിക്കുന്നതാണ് തെറ്റെന്നും മോഹൻ ഭഗവത് പറഞ്ഞു. രാജ്യത്തെ മനസിലാക്കാൻ സംസ്കൃതം പ്രധാനപ്പെട്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

SCROLL FOR NEXT