Image: ANI
NATIONAL

ആന്ധ്രയില്‍ നാശം വിതച്ച 'മൊന്‍ ത'യുടെ തീവ്രത കുറഞ്ഞു; ഓറഞ്ച് അലേര്‍ട്ട്; കേരളത്തിലും മഴ തുടരും

മണിക്കൂറിൽ 100 മുതല്‍ 110 വരെ കിലോമീറ്റർ വേഗതിയിലാണ് തീരംതൊടുമ്പോള്‍ കാറ്റ് വീശിയത്

Author : ന്യൂസ് ഡെസ്ക്

വിശാഖപട്ടണം: തീരം തൊട്ട മൊന്‍ ത ചുഴലിക്കാറ്റിന്റെ തീവ്രത കുറഞ്ഞു. ചൊവ്വാഴ്ച രാത്രിയോടെയാണ് മൊന്‍ ത ആന്ധ്രയുടെ തീരത്ത് ആഞ്ഞടിച്ചത്. കാക്കിനടയുടെ തെക്ക് ഭാഗത്തുള്ള മച്ചിലിപട്ടണത്തിനും കലിംഗപട്ടണത്തിനും പ്രദേശങ്ങളിലാണ് ചുഴലിക്കാറ്റ് ആഞ്ഞടിച്ചത്.

മണിക്കൂറിൽ 100 മുതല്‍ 110 വരെ കിലോമീറ്റർ വേഗതിയിലാണ് തീരംതൊടുമ്പോള്‍ കാറ്റ് വീശിയത്. ആന്ധ്ര തീരത്ത് കനത്ത മഴയും നാശനഷ്ടങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മരങ്ങള്‍ കടപുഴകി വീഴുകയും കടലാക്രമണം രൂക്ഷമാവുകയും ചെയ്തു. തീരദേശത്തെ താഴ്ന്ന പ്രദേശങ്ങളില്‍ നിന്ന് 35,000 ത്തിലധികം ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.

ആന്ധ്രാപ്രദേശിന്റെ തീരപ്രദേശം, റായലസീമ, തെലങ്കാന, തെക്കന്‍ ഛത്തീസ്ഗഡ്, ഒഡീഷ, തമിഴ്‌നാടിന്റെ തീരമേഖലകള്‍ എന്നിവിടങ്ങളില്‍ കനത്ത മഴയ്ക്കുള്ള സാധ്യതയുണ്ട്. നിലവില്‍ ചുഴലിക്കാറ്റിന്റെ ശക്തി കുറയുകയും വടക്ക്-വടക്കുപടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കുകയുമാണ്. എസ്.പി.എസ്.ആര്‍. നെല്ലൂര്‍, പ്രകാശം ജില്ലകളിലെ പല സ്ഥലങ്ങളിലും 100 മില്ലീമീറ്ററിലധികം മഴ രേഖപ്പെടുത്തി. സംസ്ഥാനത്തിന്റെ ഭൂരിഭാഗം പ്രദേശവും ഓറഞ്ച് അലേര്‍ട്ടിലാണ്.

കൊനസീമ ജില്ലയില്‍ മരംവീണ് ഒരു സ്ത്രീ മരിച്ചതായി റിപ്പോര്‍ട്ടുണ്ട്. വിവിധ പ്രദേശങ്ങളില്‍ വ്യാപകമായ കൃഷി നാശവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 1.76 ലക്ഷം ഹെക്ടറിലധികം കൃഷിയാണ് നശിച്ചത്. 83,000 കര്‍ഷകരെയാണ് ഇത് ബാധിക്കുക. വൈദ്യുതി വിതരണരംഗത്തും കനത്ത നാശനഷ്ടമാണ് ഉണ്ടായത്. 2,200 കോടി രൂപയുടെ നഷ്ടമുണ്ടായാതാണ് കണക്കുകൂട്ടല്‍. ശക്തമായ കാറ്റില്‍ മരങ്ങളും വൈദ്യുതി തൂണുകളും കടപുഴകി വീണ് റോഡുകളില്‍ ഗതാഗതവും തടസ്സപ്പെട്ടു.

മൊന്‍ ത റെയില്‍, വ്യോമ ഗതാഗതത്തേയും ബാധിച്ചിട്ടുണ്ട്. ആന്ധ്രയിലെ 120-ല്‍ അധികം ട്രെയിനുകളും വിമാന സര്‍വീസുകളും റദ്ദാക്കുകയോ വഴിതിരിച്ചുവിടുകയോ ചെയ്തു.

കേരളത്തിലും ചുഴലിക്കാറ്റിന്റെ സ്വാധീനം കാരണം മഴ കനക്കും. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഒഡീഷയില്‍ മല്‍ക്കന്‍ഗിരി, കോരാപുട്ട്, രായഗഡ, ഗജപതി, ഗഞ്ചം ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബാക്കിയുള്ള ജില്ലകളിലെല്ലാം യെല്ലോ അലേര്‍ട്ടും നിലനില്‍ക്കുന്നുണ്ട്. തെലങ്കാനയില്‍ മുളഗു, ഖമ്മം, ഭദ്രാദ്രി കോതഗുഡെം ജില്ലകളില്‍ റെഡ് അലേര്‍ട്ടും നല്‍ഗൊണ്ട, മഞ്ചേരിയല്‍, പെദ്ദപ്പള്ളി, ഹനംകൊണ്ട, സൂര്യപേട്ട ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും നിലനില്‍ക്കുന്നുണ്ട്.

SCROLL FOR NEXT