മുംബൈ മെട്രോയുടെ ഒരു തൂണിൻ്റെ ഭാഗം അടർന്ന് വാഹനങ്ങൾക്ക് മുകളിലേക്ക് വീണുണ്ടായ അപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു.
ഉച്ചയ്ക്ക് 12.30 ഓടെയാണ് മെട്രോ തൂണിൻ്റെ അവശിഷ്ടങ്ങൾ ഓട്ടോറിക്ഷയുടേയും കാറിൻ്റേയും മുകളിലേക്ക് തകർന്ന് വീണത്. തകർന്ന ഓട്ടോറിക്ഷയിൽ നിന്ന് ഒരാൾ രക്ഷപ്പെടാൻ ശ്രമിക്കുന്നതിൻ്റെയും ഒരു കൂട്ടം ആളുകൾ അയാളെ സഹായിക്കുന്നതിൻ്റെയും ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്.
അപകടത്തിൽ പരിക്കേറ്റ രണ്ടുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. മെട്രോ പ്രോജക്ട് ടീം സ്ഥലത്തെത്തിയതായും ബിഎംസി, ദുരന്ത നിവാരണ അതോറിറ്റികൾ എന്നിവരുമായി ചേർന്ന് ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന പ്രവർത്തനങ്ങൾ നടത്തി വരികയും ചെയ്യുന്നുണ്ട്. മെട്രോ പില്ലറിൻ്റെ പാരപ്പറ്റിൻ്റെ ഭാഗമാണ് തകർന്നു വീണത്. സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ എംഎംആർഡിഎ ഡയറക്ടർ (മെട്രോ പിഐയു) ബസവരാജ് എം ഭദ്രഗോണ്ടിൻ്റെ നേതൃത്വത്തിൽ ഒരു ഉന്നതതല അന്വേഷണ സമിതിയും രൂപീകരിച്ചു.
മരിച്ചയാളുടെ കുടുംബത്തിന് നഷ്ടപരിഹാര നയം അനുസരിച്ച് നഷ്ടപരിഹാരം നൽകുമെന്നും പരിക്കേറ്റവരുടെ എല്ലാ ചികിത്സാ ചെലവുകളും എംഎംആർഡിഎ പൂർണ്ണമായും വഹിക്കുമെന്നും എംഎംആർഡിഎ വ്യക്തമാക്കി.