മുംബൈ: ശതകോടീശ്വരൻ ഇലോൺ മസ്കിൻ്റെ പേരിൽ വിവാഹ വാഗ്ദാനം നൽകി തട്ടിപ്പ്. മുംബൈ സ്വദേശിയായ നാൽപ്പതുകാരിക്ക് 16 ലക്ഷം രൂപ നഷ്ടപ്പെട്ടു. വിവാഹം ചെയ്യാമെന്നും യുഎസിലേക്ക് കൊണ്ടുപോകാമെന്നും പറഞ്ഞാണ് തട്ടിപ്പ് നടത്തിയത്.
സമൂഹ മാധ്യമമായ എക്സ് വഴിയാണ് തട്ടിപ്പുകാരൻ യുവതിയെ പരിചയപ്പെടുന്നത്. പിന്നാലെ സംഭാഷണം മറ്റൊരു മെസേജിങ് ആപ്പിലേക്ക് മാറി. ദിവസങ്ങൾ നീണ്ട ചാറ്റിങ്ങിലൂടെ, താൻ ഇലോൺ മസ്കാണെന്ന് തട്ടിപ്പുകാരൻ യുവതിയെ വിശ്വസിപ്പിച്ചു. ഇരുവരും തമ്മിൽ പ്രണയത്തിലായി. പിന്നാലെയാണ് യുവതിയെ യുഎസിലേക്ക് കൊണ്ടുപോകാമെന്ന് ഇയാൾ വാഗ്‌ദാനം ചെയ്യുന്നത്.
താമസിയാതെ, വിസ നടപടികൾക്കായി ജെയിംസ് എന്ന പേരിലുള്ള ആളെ തട്ടിപ്പുകാരൻ പരിചയപ്പെടുത്തി. വിസ ഫീസിനായി ആമസോൺ ഗിഫ്റ്റ് കാർഡുകൾ വാങ്ങാനും കോഡുകൾ പങ്കുവെക്കാനും യുവതിയോട് ഇയാൾ ആവശ്യപ്പെട്ടു. കഴിഞ്ഞ ഒക്ടോബർ മുതൽ 16 ലക്ഷം രൂപയാണ് ഇത്തരത്തിൽ യുവതിയിൽ നിന്ന് ഇയാൾ തട്ടിയെടുത്തത്.
ജനുവരി 15 ന് വിമാന ടിക്കറ്റിനായി രണ്ട് ലക്ഷം രൂപ കൂടി ആവശ്യപ്പെട്ടതോടെയാണ് തട്ടിപ്പിൻ്റെ ചുരുളഴിയാൻ തുടങ്ങിയത്. സംശയം തോന്നിയ യുവതി മാതാപിതാക്കളെ വിവരം അറിയിക്കുകയായിരുന്നു. താൻ ഇനി യുഎസിലേക്കില്ലെന്ന് അറിയിച്ച ശേഷം യുവതി പൊലീസിൽ പരാതി നൽകി. സംഭവത്തിൽ ആൾമാറാട്ട കുറ്റമടക്കം ചുമത്തി കേസെടുത്തിരിക്കുകയാണ് പൊലീസ്.