ബാനു മുഷ്താഖ് Source: X
NATIONAL

മൈസൂരു ദസറ ഉദ്ഘാടനം ബാനു മുഷ്താഖ് തന്നെ; മുസ്ലീം എഴുത്തുകാരി ഉദ്ഘാടനം ചെയ്യരുതെന്ന ഹർജി തള്ളി സുപ്രീം കോടതി

ഭരണഘടനാ ആമുഖം വായിച്ചിട്ടുണ്ടോയെന്ന് ചോദിച്ചാണ് കോടതി ഹർജിക്കാരൻ്റെ ആവശ്യം തള്ളിയത്

Author : ന്യൂസ് ഡെസ്ക്

മൈസൂരു ദസറ ഉത്സവത്തിൻ്റെ ഉദ്ഘാടക ബുക്കർ പ്രൈസ് ജേതാവായ ബാനു മുഷ്താഖ് തന്നെ. മുസ്ലീം എഴുത്തുകാരി ബാനു മുഷ്താഖ് ദസറ ഉത്സവത്തിൻ്റെ ഉദ്ഘാടനം ചെയ്യരുതെന്ന ഹർജി സുപ്രീം കോടതി തള്ളി. ഭരണഘടനാ ആമുഖം വായിച്ചിട്ടുണ്ടോയെന്ന് ചോദിച്ചാണ് കോടതി ഹർജിക്കാരൻ്റെ ആവശ്യം തള്ളിയത്. കോടതി ഭരണഘടനയിലെ മതേതതരത്വം ചൂണ്ടിക്കാട്ടിയാണ് വിധി പുറപ്പെടുവിച്ചത്. ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.

ബാനു മുഷ്താഖ് ഉദ്ഘാടനം ചെയ്യാനുള്ള കർണാടക സർക്കാർ തീരുമാനത്തിന് സ്റ്റേ ആവശ്യപ്പെട്ടാണ് പരാതിക്കാരൻ ബെംഗളൂരു സ്വദേശിയായ എച്ച്.എസ്. ഗൗരവ് ഹർജി സമർപ്പിച്ചത്. സംസ്ഥാന സർക്കാർ തീരുമാനം ചോദ്യം ചെയ്ത പൊതുതാൽപര്യ ഹർജികൾ കർണാടക ഹൈക്കോടതി തള്ളിയതിനെ ചോദ്യം ചെയ്താണ് സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചത്. എന്നാൽ, അഹിന്ദുവായ ആളെ പൂജകൾ നടത്താൻ അനുവദിക്കാൻ കഴിയില്ലെന്ന വാദം കോടതി അംഗീകരിച്ചില്ല.

ദസറ ആഘോഷത്തിൻ്റെ ഉദ്ഘാടനത്തിൽ പ്രധാനമായും രണ്ട് ചടങ്ങുകളാണ് ഉള്ളത്. ഒന്നാമത്തേത് നാട മുറിച്ചുള്ള ഉദ്ഘാടനമാണ്. രണ്ടാമത്തേത് ചാമുണ്ഡേശ്വരി ദേവിക്ക് പുഷ്പാർച്ചന നടത്തുന്ന ചടങ്ങാണ്. ഇത് ഹിന്ദു വിഭാഗത്തിൻ്റെ മതപരവും ആത്മീയവുമായ ചടങ്ങാണെന്നാണ് ഗൗരവിൻ്റെ അഭിഭാഷകൻ സുരേഷ് കോടതിയിൽ വാദിച്ചത്. അവരെ ക്ഷണിച്ചത് സംസ്ഥാന സർക്കാരിൻ്റെ രാഷ്ട്രീയപരമായ നടപടിയായിരുന്നു, എന്തിനാണ് അവരെ മതപരമായ ചടങ്ങിൽ പങ്കെടുപ്പിക്കുന്നതെന്നും ഹർജിക്കാരന് വേണ്ടി മുതിർന്ന അഭിഭാഷകൻ വാദിച്ചു.

SCROLL FOR NEXT