ബിഹാർ സർക്കാർ രൂപീകരണത്തിൽ എൻഡിഎയിൽ ഏകദേശ ധാരണയായി. ബിജെപിക്ക് 15ഉം ജെഡിയുവിന് 14 ഉം മന്ത്രിമാരെന്നാണ് ധാരണ. ചിരാഗ് പാസ്വാന്റെ എൽജെപിക്ക് മൂന്ന് വകുപ്പുകൾ നൽകും. തെരഞ്ഞെടുക്കപ്പെട്ട ബിജെപി എംഎൽഎമാരോട് നാളെ പാറ്റ്നയിൽ എത്താനും നിർദേശമുണ്ട്. അതേ സമയം തെരഞ്ഞെടുപ്പിലെ വോട്ടു കണക്കുകൾ പരിശോധിച്ച് പരാജയത്തിലെ കാരണങ്ങൾ വിലയിരുത്തുകയാണ് കോൺഗ്രസും ഇന്ത്യ സഖ്യവും.
ബിഹാർ നിയമസഭാ വോട്ടെടുപ്പിൽ 300 ൽ താഴെ വോട്ടിന് ജയ-പരാജയം സംഭവിച്ചത് 8 സീറ്റുകൾ. 2000 ത്തിൽ താഴെ വോട്ടുകളുടെ ഭൂരിപക്ഷത്തിൽ 20 ഓളം മണ്ഡലങ്ങൾ. ഇഞ്ചോടിഞ്ച് പോരാട്ടം നടന്നുവെന്ന് വ്യക്തമാകുമ്പോഴും മറ്റ് ചില കണക്കുകൾ കൂടി പുറത്തുവരുന്നുണ്ട്. ഇതേ മണ്ഡലങ്ങളിൽ ഏതാണ്ട് 20,000 ത്തോളം പേരുകൾ പട്ടികയിൽ നിന്ന് വെട്ടിപ്പോയി എന്നാണത്. എസ്ഐആർ വെട്ടിമാറ്റൽ തോൽവിക്ക് കാരണമായെന്ന വാദം മഹാസഖ്യം ആവർത്തിക്കുന്നതിനിടെയാണ് പുതിയ വിവരങ്ങൾ പുറത്തുവരുന്നത്.
2020 ൽ 91 സീറ്റുകളിൽ 71 സീറ്റ് മഹാസഖ്യവും 15 ഇടത്ത് എൻഡിഎയും നേടിയ മണ്ഡലങ്ങൾ 2025 ൽ നേരെ മലക്കംമറിഞ്ഞു. ഇതേ സീറ്റുകളിൽ ഇത്തവണ എൻഡിഎ 75 ഉം മഹാസഖ്യം 14 ഉം നേടി. മിക്ക മണ്ഡലങ്ങളിലും വോട്ടർ പട്ടിക തീവ്ര പരിഷ്കരണം ശരാശരി 15000-20,000 ത്തിനുമിടയിൽ പേരുകൾ വെട്ടിപ്പോകാനും ഇടയാക്കി. മാത്രമല്ല ഒരു ഡസൻ മണ്ഡലങ്ങളിൽ ജയ-പരാജയം സംഭവിച്ചിരിക്കുന്നത് 200-500 ഇടയിൽ വോട്ടുകൾക്കാണ്.
ഉദാഹരണത്തിന് മുസാഫർപൂരിലെ കുർഹാനി മണ്ഡലത്തിൽ ബിജെപി ജയിച്ചത് 616 വോട്ടിനാണ്. ഇവിടെ എസ്ഐആറിന്റെ പേരിൽ പട്ടികയിൽ നിന്ന് ഡിലീറ്റ് ചെയ്യപ്പെട്ടത് 24,000 പേരാണ്. പട്ടിക പരിഷ്കരണം ആർജെഡിയിൽ നിന്ന് വിജയം വഴുതിപ്പോകാൻ കാരണമായെന്ന് നേതാക്കൾ കരുതുന്നു. ഭോജ്പൂരിലെ സന്ദേശ് മണ്ഡലം ജെഡിയു ജയിച്ചത് കേവലം 27 വോട്ടിനാണ്.. ഇവിടെ 2020 പട്ടികയിൽ പേരുണ്ടായിരുന്നവരിൽ നിന്ന് ഇത്തവണ വെട്ടിപ്പോയത് 25,682 പേരുകൾ.
വെട്ടിപ്പോയ പേരുകളിൽ പകുതി ശതമാനം യഥാർത്ഥ കാരണത്താൽ ഒഴിവാക്കപ്പെട്ടു എന്ന് തന്നെ കരുതുക. ബാക്കി വോട്ടുകൾ നഷ്ടമായില്ലായിരുന്നെങ്കിൽ ഒരുപക്ഷേ വിജയ-പരാജയം തന്നെ മാറിമറഞ്ഞേനെ എന്നാണ് ഈ ഡേറ്റ വ്യക്തമാക്കുന്നത്.. മഹാസഖ്യ നേതാക്കൾ ഉന്നയിക്കുന്നതും ഇതാണ്. രാഹുൽഗാന്ധിയും തേജസ്വി യാദവും സിപിഐഎംഎൽ നേതാവ് ദിപാങ്കർ ഭട്ടാചാര്യയുമടക്കം എസ്ഐആറിൽ ഊന്നിയാണ് വിമർശിക്കുന്നത്.
ഏതാണ്ട് 90 സീറ്റുകളുടെ താരതമ്യം വെച്ച് ചില ദേശീയ മാധ്യമങ്ങളാണ് ഈ കണക്കുകൾ പുറത്തുവിട്ടത്.. 90 സീറ്റുകളിൽ 2020 ൽ 71 സീറ്റും എൻഡിഎക്ക് 14 സീറ്റും നേടിയ മേഖലകളിൽ 2025 ൽ 75 സീറ്റ് എൻഡിഎയ്ക്കും 15 സീറ്റ് മഹാസഖ്യത്തിനും ലഭിച്ചു. ഫലം നേരെ മലക്കംമറിഞ്ഞു ഇത്തവണ എന്നാണ് ദ ക്വിന്റ് പോർട്ടൽ പുറത്തുവിട്ട കണക്ക്. ഇങ്ങനെ 15000 വോട്ടിനും 20,000 വോട്ടിനുമിടയിൽ പേരുകൾ ഓരോ മണ്ഡലത്തിലും പട്ടികയിൽ നിന്ന് വെട്ടിപ്പോയെങ്കിൽ അത് വിജയ-പരാജയത്തെ സ്വാധീനിച്ചിരിക്കാം എന്നാണ് അനുമാനം.
മൂന്ന് മണ്ഡലങ്ങളിൽ 100 താഴെ വോട്ടിനും 3 മണ്ഡലങ്ങൾ 200 താഴെ വോട്ടിനും ഇത്തവണ വിജയിച്ചവരുണ്ട്.. സിപിഐഎംഎൽ സ്ഥാനാർത്ഥി ശിവപ്രകാശ് രഞ്ജൻ അരായിലെ അഗിയോണിൽ ബിജെപിയുടെ മഹേഷ് പാസ്വാനോട് തോറ്റത് 95 വോട്ടിന്. രാംഗഡ് സീറ്റിൽ ബിഎസ്പി ജയിച്ചത് 30 വോട്ടിന്. നബിനഗറിൽ ജെഡിയു സ്ഥാനാർത്ഥി ചേതൻ ആനന്ദ് ആർജെഡിയെ തോൽപ്പിച്ചത് 112 വോട്ടിന്. ആർജെഡിയുടെ ഫൈസൽ റഹ്മാൻ ധാക്കയിൽ ജയിച്ചത് 178 വോട്ടുകൾക്കും ഫോർബ്‌സ്ഗഞ്ചിൽ കോൺഗ്രസ് ജയിച്ചത് 221 വോട്ടിനും.
1000 വോട്ടിൽ താഴെ വോട്ടുകളുടെ വ്യത്യാസത്തിൽ മാത്രം ജയിച്ച അഞ്ച് സീറ്റുകൾ. ബോധ് ഗയ - 881, ജെഹനാബാദ് 793, ചൻപാഷ്യ 708 വോട്ട്, ബൽറാംപൂർ 389 വോട്ടുകൾ, ഭക്തിയാർപൂർ 980 വോട്ട് ഇങ്ങനെയാണ് ഭൂരിപക്ഷം. ഇവിടെയെല്ലാം പട്ടികയിൽ നിന്ന് വ്യാപകമായി പേരുകൾ വെട്ടിപ്പോയിട്ടുമുണ്ട്. 2020 ലെ മഹാസഖ്യത്തിന്റെ വോട്ട് ശതമാനം 37.23 ഇത്തവണ 37.94 ശതമാമായി. 0.73 ശതമാനം കൂടുകയാണ് ചെയ്തത്. ആശ്ചര്യകരമായ പരാജയം എന്ന് മഹാസഖ്യ നേതാക്കൾ പറയാൻ കാരണം ഇതെല്ലാമാണ്.