നാഗ്പൂർ: 1991 ജൂലൈ 21ന് കോണ്ടിനെൻ്റെൽ ഏവിയേഷൻ പ്രൈവറ്റ് ലിമിറ്റഡിന് (CAPL) കീഴിൽ സർവീസ് നടത്തുന്ന ഒരു ബോയിങ് 720 വിമാനം എഞ്ചിൻ തകരാറിനെ തുടർന്ന് ഡോ. ബാബാസാഹേബ് അംബേദ്കർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തരമായി ലാൻഡിങ് നടത്തിയിരുന്നു. സാധാരണ വിമാനങ്ങൾ ഇങ്ങനെ നിർത്തിയാൽ കുറച്ച് ദിവസങ്ങൾക്കകം തന്നെ അറ്റകുറ്റപ്പണികൾ നടത്തി യാത്ര പുനരാരംഭിക്കാറുണ്ട്. എന്നാൽ ഈ ബോയിങ് വിമാനം കാലമിത്രയായിട്ടും സർവീസ് ആരംഭിച്ചിട്ടില്ല. മൂന്ന് പതിറ്റാണ്ട് പിന്നിട്ടപ്പോഴേക്കും കോടികൾ വിലമതിക്കുന്ന ഈ ബോയിങ് വിമാനം ഉപയോഗശൂന്യമായെന്ന ഞെട്ടിക്കുന്ന റിപ്പോർട്ടാണ് പുറത്തുവരുന്നത്.
നേരത്തെ വിജയകരമായി സർവീസ് നടത്തിയിരുന്ന 707 വിമാനത്തിൻ്റെ ഭാരം കുറഞ്ഞതും ചെറുതുമായ ഫ്യൂസ്ലേജ് ഡെറിവേറ്റീവായി അവതരിപ്പിച്ച ബോയിംഗ് 720 വിമാനം 1960ലാണ് ഇന്ത്യയിൽ ആദ്യമായി അവതരിപ്പിച്ചത്. 150 മുതൽ 3,200 നോട്ടിക്കൽ മൈൽ ദൈർഘ്യത്തിലുള്ള ഇടത്തരം റൂട്ടുകൾക്കായി രൂപകൽപ്പന ചെയ്‌ത ഈ ബോയിങ് വിമാനത്തിൽ 156 യാത്രക്കാർക്ക് വരെ ഇരിക്കാൻ സൗകര്യമുണ്ട്. എയറോഡൈനാമിക് വിങ്ങുകളിൽ പരിഷ്കാരങ്ങൾ വരുത്തിയെത്തിയ ബോയിങ് വിമാനത്തിൽ, മികച്ച ഷോർട്ട് ഫീൽഡ് പ്രകടനത്തിനും സ്വീപ്പിനുമായി, ഫുൾ സ്പാൻ ലീഡിങ് എഡ്ജ് ഫ്ലാപ്പുകൾ ഉൾപ്പെടുത്തിയിരുന്നു.
720 ബി പതിപ്പിൽ കൂടുതൽ നിശബ്‌ദമായ ജെ.ടി3ഡി ടർബോഫാനുകൾ ഉപയോഗിക്കുന്നതിന് മുമ്പ്, തുടക്കത്തിൽ പ്രാറ്റ് & വിറ്റ്നി ജെ.ടി3സി ടർബോജെറ്റുകളാണ് ഇന്ത്യയുടെ ഈ ബോയിങ് വിമാനത്തിൽ ഉപയോഗിച്ചിരുന്നത്. 1967 വരെ 530 നോട്ട് ഉയർന്ന ക്രൂയിസിങ് വേഗതയും, 154 വിമാനങ്ങളുടെ പ്രൊഡക്ഷൻ റണ്ണും സാധ്യമാക്കുകയും ചെയ്തിരുന്നു.
ട്രിപ്പിൾ എൻജിനിലുള്ള 'ട്രൈജെറ്റ് 727' ബോയിങ് വിമാനം വരുന്നതിന് മുൻപ് യുണൈറ്റഡ്, ഈസ്റ്റേൺ എയർലൈൻസ് പോലുള്ള യുഎസ് വിമാനക്കമ്പനികളാണ് പ്രധാനമായും ബോയിങ് 720 വിമാനത്തിലാണ് സർവീസ് നടത്തിയിരുന്നത്. 2010ലാണ് അപകടങ്ങൾ വർധിച്ചതോടെ ബോയിങ് സർവീസുകൾ പിന്നീട് ആഗോളതലത്തിൽ നിർത്തലാക്കിയത്. ഇംഗ്ലീഷ് റോക്ക് ബാൻഡായ ലെഡ് സെപ്പെലിനും 'ദി സ്റ്റാർഷിപ്പ്' എന്ന പേരിൽ പ്രശസ്തമായ ഒരു കസ്റ്റമൈസ്ഡ് ബോയിംഗ് 720 വിമാനം ഉണ്ടായിരുന്നു.
ഇന്ത്യയുടെ ഏക ബോയിങ് 720 വിമാനം നാഗ്പൂരിൽ തുരുമ്പെടുത്ത് നശിക്കുന്നതിന് മുമ്പ്, അതിന് ഏറെ സമ്പന്നമായൊരു അന്താരാഷ്ട്ര കരിയർ ഉണ്ടായിരുന്നു. 1961ൽ യുഎസിലെ ഈസ്റ്റേൺ എയർ ലൈൻസിന് കൈമാറിയ ബോയിങ് 720 വിമാനം അമേരിക്കയിലേയും യൂറോപ്പിലേയും ഓപ്പറേറ്റർമാരിലൂടെ സഞ്ചരിച്ച് ഒടുവിൽ കോണ്ടിനെൻ്റൽ ഏവിയേഷൻ പ്രൈവറ്റ് ലിമിറ്റഡിലൂടെ ഇന്ത്യയിലെത്തി.
1993ൽ സാങ്കേതിക പ്രശ്നങ്ങളെ തുടർന്ന് ഈ വിമാനം റൺവേയിൽ നിന്ന് വെറും 90 മീറ്റർ അകലേക്ക് മാറ്റുകയാണ് ചെയ്തത്. വ്യോമാ സുരക്ഷാ മാനദണ്ഡങ്ങൾ അനുസരിച്ച്, റൺവേയിൽ നിന്ന് 150 മീറ്റർ ദൂരം മാറിയേ ഏതെങ്കിലും വിമാനം നിർത്താൻ പാടുള്ളൂ. പിന്നീടങ്ങോട്ട് വർഷങ്ങളോളം നാഗ്പൂരിൽ വന്നിറങ്ങുന്ന എല്ലാ വിമാനങ്ങൾക്കും അപകടസാധ്യത ഉയർത്തി റൺവേയ്ക്ക് തൊട്ടരികിലായി ആ ബോയിങ് വിമാനം നിലയുറപ്പിച്ചു. വർഷങ്ങൾക്ക് ശേഷം കർശനമായ നിയന്ത്രണ പരിശോധനകൾ ഏർപ്പെടുത്തുന്നത് വരെ ഈ ബോയിങ് വിമാനം കാര്യമായ മേൽനോട്ടമില്ലാതെ അവിടെ തന്നെ തുടരുകയാണ് ഉണ്ടായത്.
ഇപ്പോൾ ആ ബോയിങ് വിമാനം നാഗ്പൂർ ഫ്ലൈയിങ് ക്ലബ്ബിലാണുള്ളത്. കോടികൾ വിലമതിക്കുന്ന വിമാനം ഇന്ന് പഴയതിൻ്റെ ജീർണിച്ചൊരു പതിപ്പാണ്. അതിൻ്റെ ടയറുകൾ മണ്ണിൽ ദ്രവിച്ചില്ലാതാവുകയും ജനാലകൾ കാണാനാകാത്ത വിധം മൂടപ്പെടുകയും ചെയ്തിരിക്കുന്നു. ഇനിയൊരിക്കലും പറക്കാനാകും വിധം പുനഃസ്ഥാപിക്കാൻ കഴിയാത്തത്ര ദുർബലമാണ് അതിൻ്റെ സ്ട്രക്ച്ചർ. ഇന്ത്യയിലെ ഒരേയൊരു ബോയിങ് 720 വിമാനമാണിത്.