ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് വിശ്രമത്തിലുള്ള കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ ഫോണിൽ വിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഖാർഗെയെ വിളിച്ച് ഫോണിൽ സംസാരിച്ചുവെന്നും ആരോഗ്യസ്ഥിതിയെ കുറിച്ച് സംസാരിച്ചുവെന്നും മോദി എക്സ് പോസ്റ്റിൽ കുറിച്ചു. ആരോഗ്യം മെച്ചപ്പെട്ട് വേഗം കർമനിരതനാകാൻ കഴിയട്ടെ എന്ന് പ്രാർഥിക്കുന്നുവെന്നും മോദി കൂട്ടിച്ചേർത്തു.
ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ചികിത്സയ്ക്കായി മല്ലികാർജുൻ ഖാർഗെയെ കർണാടകയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കർണാടക ഐടി മന്ത്രിയും ഖാർഗെയുടെ മകനുമായ പ്രിയങ്ക് ഖാർഗെയുടെ കഴിഞ്ഞ ദിവസം പിതാവിൻ്റെ ആരോഗ്യനില മെച്ചപ്പെട്ടതായി സ്ഥിരീകരിച്ചിരുന്നു. പേസ്മേക്കർ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയതായും ആരോഗ്യസ്ഥിതി കൈവരിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഒക്ടോബർ മൂന്ന് മുതൽ മല്ലികാർജുൻ ഖാർഗെ കർമരംഗത്തേക്ക് തിരിച്ചെത്തുമെന്നും നേരത്തെ തീരുമാനിച്ച ചെയ്ത എല്ലാ പരിപാടികളിലും പങ്കെടുക്കുമെന്നും പ്രിയങ്ക് ഖാർഗെ പറഞ്ഞു.
കടുത്ത പനിയെ തുടർന്നാണ് ഖാർഗെയെ ബുധനാഴ്ച സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അതേസമയം, ഖാർഗെയെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ആശുപത്രിയിൽ സന്ദർശിച്ചു, അദ്ദേഹം വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ചു.