നരേന്ദ്ര മോദി Source: ANI
NATIONAL

"സർക്കാർ എന്തിനാണ് ജയിലിൽ നിന്ന് പ്രവർത്തിക്കുന്നത്?" അറസ്റ്റിലായ മന്ത്രിമാരെ പുറത്താക്കുന്ന വിവാദ ബില്ലിൽ ന്യായീകരണവുമായി നരേന്ദ്ര മോദി

ബില്ലിനെ എതിർക്കുന്ന പ്രതിപക്ഷത്തിന് ഭയമാണെന്നും മോദി കുറ്റപ്പെടുത്തി

Author : ന്യൂസ് ഡെസ്ക്

ബിഹാർ: 30 ദിവസത്തിലധികം ജയിലിൽ കിടന്ന മുഖ്യമന്ത്രിമാരെയും പ്രധാനമന്ത്രിയെയും പുറത്താക്കുന്ന വിവാദ ബില്ലിൽ ന്യായീകരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. സർക്കാരിൽ പ്രധാന പദവികൾ വഹിക്കുന്ന ആളുകളെ ജയിലിൽ നിന്ന് പ്രവർത്തിക്കാൻ അനുവദിക്കുന്നതെന്തിനാണെന്നായിരുന്നു മോദിയുടെ ചോദ്യം. ബില്ലിനെ എതിർക്കുന്ന പ്രതിപക്ഷത്തിന് ഭയമാണെന്നും മോദി കുറ്റപ്പെടുത്തി.

തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിഹാറിലെ ഗയാജിയിലെ റാലി അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് പ്രധാനമന്ത്രിയുടെ പരാമർശം. "ഒരു സർക്കാർ ജീവനക്കാരൻ. അയാൾ പ്യൂണോ, ഡ്രൈവറോ, ക്ലർക്കോ ആവട്ടെ. 50 മണിക്കൂർ ജയിലിൽ കിടന്നാൽ, അയാൾക്ക് ജോലി നഷ്ടപ്പെടും. എന്നാൽ മുഖ്യമന്ത്രി, മന്ത്രി, അല്ലെങ്കിൽ പ്രധാനമന്ത്രി പദവിയിലിരിക്കുന്ന ഒരാൾ ജയിലിൽ ആയിരിക്കുമ്പോഴും സർക്കാരിൽ തുടരണോ?" മോദി ചോദിച്ചു.

"എന്തിന് സർക്കാറിനെ ജയിലിൽ നിന്ന് പ്രവർത്തിക്കാൻ അനുവദിക്കണം? കുറ്റം ചെയ്ത മന്ത്രിമാർ അവരുടെ പദവികളിൽ തുടരണോ? ജനങ്ങൾ അവരുടെ നേതാക്കൾ ധാർമിക സത്യസന്ധത ഉയർത്തിപ്പിടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്," പ്രംസഗത്തിൽ മോദി പറഞ്ഞു.

ബില്ലിനെതിരെ എംപി പ്രിയങ്ക ഗാന്ധിയുൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ രൂക്ഷമായ വിമർശനമാണ് ഉന്നയിച്ചിരുന്നത്. "നാളെ, നിങ്ങൾക്ക് ഒരു മുഖ്യമന്ത്രിക്കെതിരെ എന്ത് കേസും ഫയൽ ചെയ്തേക്കും, കുറ്റക്കാരനാണെന്ന് തെളിയും മുൻപ് 30 ദിവസത്തേക്ക് അവരെ ചെയ്തേക്കും. ഇതോടെ അദ്ദേഹം മുഖ്യമന്ത്രിയാകുന്നത് അവസാനിപ്പിക്കുമോ? ഇത് തികച്ചും ഭരണഘടനാ വിരുദ്ധമാണ്" പ്രിയങ്ക ഗാന്ധി വിമർശിച്ചു.

കേന്ദ്രം മുന്നോട്ട് വെച്ച ബില്‍ പ്രകാരം, മുഖ്യമന്തിയോ പ്രധാനമന്ത്രിയോ 30 ദിവസത്തോളം ജയിലില്‍ കിടന്നാല്‍ ഒന്നുകില്‍ 31-ാം ദിവസം അവര്‍ സ്വയം സ്ഥാനം രാജിവെക്കണം. ഇനി രാജിവെച്ചില്ലെങ്കില്‍ 31-ാം ദിവസം അവര്‍ സ്ഥാനത്ത് നിന്നും നീക്കപ്പെടും. ഇത്തരത്തില്‍ ജയിലില്‍ കിടക്കുന്ന മന്ത്രിമാരെ സ്ഥാനത്ത് നിന്ന് നീക്കുന്നതിനായി സംസ്ഥാനത്ത് മുഖ്യമന്ത്രി ഗവര്‍ണര്‍ക്കാണ് നിര്‍ദേശം നല്‍കേണ്ടത്. കേന്ദ്രത്തില്‍ പ്രധാനമന്ത്രി രാഷ്ട്രപതിക്കും നിര്‍ദേശം നല്‍കണം. ഡല്‍ഹിയിലും മറ്റു കേന്ദ്രഭരണ പ്രദേശങ്ങളിലും ഈ നടപടിയെടുക്കുക രാഷ്ട്രപതി തന്നെയായിരിക്കും എന്നാല്‍ ജമ്മു കശ്മീരില്‍ ലഫ്. ഗവര്‍ണര്‍ക്കായിരിക്കും പുറത്താക്കാനുള്ള അധികാരം.

ഇനി മുഖ്യമന്ത്രിമാരോ പ്രധാനമന്ത്രിമാരോ മന്ത്രിസ്ഥാനത്ത് നിന്ന് നീക്കം ചെയ്യാന്‍ നിര്‍ദേശിച്ചിട്ടില്ലെങ്കിലും 31-ാം ദിവസം ഇവര്‍ ഈ നിയമപ്രകാരം സ്ഥാനഭ്രഷ്ടരാകും. അതേസമയം ജയിലില്‍ നിന്നും പുറത്തുവന്നാല്‍ ആ വ്യക്തിക്ക് മന്ത്രിസ്ഥാനത്തേക്ക് തിരിച്ചു വരുന്നതിന് നിയമപരമായ തടസങ്ങള്‍ ഒന്നും തന്നെ ബില്ലില്‍ പറയുന്നില്ല. അഴിമതി കുറയ്ക്കുക എന്നത് ലക്ഷ്യമിട്ടാണ് പുതിയ ബില്‍ കൊണ്ടു വരുന്നതെന്നാണ് കേന്ദ്രത്തിന്റെ വാദം.

SCROLL FOR NEXT