NATIONAL

"ജാഗ്രത വേണം, രാഷ്ട്രീയ ലാഭത്തിനുവേണ്ടിയുള്ള കിംവദന്തികൾക്ക് ഇരയാകരുത്"; പശ്ചിമേഷ്യൻ യുദ്ധമുയർത്തിയ വെല്ലുവിളികളെ ഒന്നിച്ച് നേരിടണമെന്ന് മോദി

ഗൾഫ് രാജ്യങ്ങളിൽ കഴിയുന്ന ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ സഹായിച്ച അറബ് രാഷ്ട്രങ്ങൾക്കും പ്രധാനമന്ത്രി നന്ദിയറിയിച്ചു

Author : ന്യൂസ് ഡെസ്ക്

ഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷത്തിന് പിന്നാലെ ഉയർന്നുവരുന്ന വെല്ലുവിളികളെ നേരിടാൻ എല്ലാ പൗരന്മാരും ഒന്നിച്ചുനിൽക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എല്ലാവരും ജാഗ്രത പാലിക്കണമെന്നും കിംവദന്തികൾക്ക് ഇരയാകരുതെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങൾ ഭരണകൂടത്തിന്റെ നിർദേശങ്ങൾ മാത്രം പാലിക്കണമെന്നും തന്റെ 132ാം 'മൻ കി ബാത്ത്' പ്രഭാഷണത്തിൽ അദ്ദേഹം വ്യക്തമാക്കി.

"ഒരു മാസത്തിലേറെയായി നമ്മുടെ അയൽപ്പക്കത്ത് യുദ്ധം നടക്കുകയാണ്. ഇത് വെല്ലുവിളി നിറഞ്ഞ സമയമാണ്. ഇത് പല രാജ്യങ്ങളെയും ബാധിച്ചിട്ടുണ്ട്. യുഎസ്-ഇസ്രായേൽ ആക്രമണങ്ങളോടെ ഫെബ്രുവരി 28ന് ആരംഭിച്ച യുദ്ധം ആഗോളതലത്തിൽ എണ്ണ വിതരണ പ്രതിസന്ധിക്ക് കാരണമായിട്ടുണ്ട്. ഈ വെല്ലുവിളി മറികടക്കാൻ നമ്മൾ ഒന്നിച്ചു നിൽക്കണമെന്ന് രാജ്യത്തെ 140 കോടി പൗരന്മാരോടും ഞാൻ അഭ്യർഥിക്കുകയാണ്.

കിംവദന്തികളിൽ വീഴാതെ ജാഗ്രത പാലിക്കണമെന്ന് എന്റെ എല്ലാ സഹപൗരന്മാരോടും ഞാൻ അഭ്യർഥിർക്കുന്നു. രാഷ്ട്രീയ ലാഭത്തിനുവേണ്ടിയുള്ള പ്രസ്താവനകളിൽ നിന്നും അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നതിൽ നിന്നും വിട്ടുനിൽക്കണം. ഔദ്യോഗിക വിവരങ്ങൾ മാത്രം വിശ്വസിക്കണം", പ്രധാനമന്ത്രിയുടെ വാക്കുകൾ.

പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തിൽ ഗൾഫ് രാജ്യങ്ങളിൽ കഴിയുന്ന ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ സഹായിച്ച അറബ് രാഷ്ട്രങ്ങൾക്കും പ്രധാനമന്ത്രി നന്ദിയറിയിച്ചു. പശ്ചിമേഷ്യൻ മേഖലയിൽ കഴിയുന്ന ഏകദേശം ഒരു കോടിയോളം വരുന്ന ഇന്ത്യൻ പൗരന്മാർക്ക് ആവശ്യമായ സഹായങ്ങളും സൗകര്യങ്ങളും നൽകുന്നതിൽ ഗൾഫ് രാജ്യങ്ങൾ കാണിക്കുന്ന പിന്തുണയ്ക്ക് നന്ദിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

SCROLL FOR NEXT