വ്ളാഡിമിർ പുടിന്‍, നരേന്ദ്ര മോദി Source: ANI
NATIONAL

"മൈ ഫ്രണ്ട് പുടിന്‍"; റഷ്യന്‍ പ്രസിഡന്റുമായി ഫോണില്‍ ചർച്ച നടത്തി നരേന്ദ്ര മോദി

ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കാൻ ധാരണയായതായി നരേന്ദ്ര മോദി

Author : ന്യൂസ് ഡെസ്ക്

ന്യൂഡല്‍ഹി: റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിനുമായി ഫോണിലൂടെ ചർച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. യുക്രെയ്ൻ വിഷയം ഉൾപ്പെടെ ചർച്ച ചെയ്തെന്ന് മോദി അറിയിച്ചു. ഇന്ത്യ-റഷ്യ ഉഭയകക്ഷി ബന്ധങ്ങളും ചർച്ചയായി.

ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കാൻ ധാരണയായതായി നരേന്ദ്ര മോദി എക്സില്‍ കുറിച്ചു. വ്ളാഡിമർ പുടിൻ ഈ വർഷം ഇന്ത്യ സന്ദർശിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു.

"എന്റെ സുഹൃത്ത് പ്രസിഡന്റ് പുടിനുമായി വളരെ വിശദമായി സംസാരിച്ചു. യുക്രെയ്‌നിലെ ഏറ്റവും പുതിയ സംഭവവികാസങ്ങൾ പങ്കുവെച്ചതിന് ഞാൻ അദ്ദേഹത്തിന് നന്ദി പറഞ്ഞു. ഉഭയകക്ഷി അജണ്ടയിലെ പുരോഗതി ഞങ്ങൾ അവലോകനം ചെയ്തു. ഇന്ത്യയും റഷ്യയും തമ്മിലുള്ള പ്രത്യേകവും സവിശേഷവുമായ തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ആഴത്തിലാക്കാനുള്ള പ്രതിബദ്ധത ഞങ്ങള്‍ വീണ്ടും ഉറപ്പിച്ചു. ഈ വർഷം അവസാനം പ്രസിഡന്റ് പുടിന് ആതിഥേയത്വം വഹിക്കാനായി കാത്തിരിക്കുന്നു," മോദി എക്സില്‍ കുറിച്ചു.

റഷ്യയില്‍ നിന്ന് എണ്ണ വാങ്ങിയാല്‍ ഇന്ത്യക്ക് മേല്‍ ദ്വിതീയ ഉപരോധങ്ങള്‍ കൊണ്ടുവരുമെന്ന ട്രംപിന്റെ ഭീഷണികള്‍ക്കിടയില്‍ നടക്കുന്ന ഈ 'സൗഹൃദ' സംഭാഷണത്തിന് ഏറെ രാഷ്ടീയ പ്രാധാന്യമാണുള്ളത്. ട്രംപ് 25 ശതമാനം അധിക തീരുവ കൂടി പ്രഖ്യാപിച്ചതോടെ ഇന്ത്യക്ക് മേലുള്ള യുഎസ് തീരുവ 50 ശതമാനമായിട്ടാണ് ഉയർന്നത്. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് തുടർന്നാൽ താരിഫ് ഇനിയും വർധിപ്പിക്കുമെന്നും ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് ട്രംപ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഈ മാസം അവസാനത്തോടെ വ്ളാഡിമർ പുടിൻ ഇന്ത്യ സന്ദർശിക്കുമെന്നാണ് റിപ്പോർട്ടുകള്‍. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ റഷ്യന്‍ പ്രസിഡന്റിന്റെ സന്ദർശനം സ്ഥിരീകരിച്ചിരുന്നു. 2025 അവസാനമാകും റഷ്യന്‍ പ്രസിഡന്റിന്റെ ഇന്ത്യാ സന്ദർശനം എന്നാണ് ഇന്റർഫാക്സ് വാർത്താ ഏജന്‍സി റിപ്പോർട്ട് ചെയ്യുന്നത്.

SCROLL FOR NEXT