പ്രധാനമന്ത്രി റെയിൽവേ പാത ഫ്ലാഗ് ഓഫ് ചെയ്യുന്നു Source: X/ Narendra Modi
NATIONAL

"മിസോറം ജനതയ്ക്ക് ചരിത്ര ദിനം, ഐസ്വാൾ ഇന്ന് മുതൽ റെയിൽവേ ഭൂപടത്തിൽ"; ബൈരാബി- സായ്‌രങ് റെയിൽവേ ലൈൻ നാടിന് സമർപ്പിച്ച് പ്രധാനമന്ത്രി

പ്രതികൂല കാലാവസ്ഥ കാരണം ഐസ്വാളിലെ ഉദ്ഘാടന വേദിയിൽ എത്താൻ സാധിക്കാതിരുന്ന പ്രധാനമന്ത്രി ലെങ്‌പുയി വിമാനത്താവളത്തിലാണ് ജനങ്ങളെ അഭിസംബോധന ചെയ്തത്.

Author : ന്യൂസ് ഡെസ്ക്

മിസോറം ജനതയുടെ പതിറ്റാണ്ടുകൾ നീണ്ട കാത്തിരിപ്പിന് വിരാമം. ബൈരാബി- സായ്‌രങ് റെയിൽവേ ലൈൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമർപ്പിച്ചു. മിസോറം ജനതയ്ക്ക് ചരിത്ര ദിനമാണെന്നും ഐസ്വാൾ ഇന്ന് മുതൽ റെയിൽവേ ഭൂപടത്തിൽ ഇടംപിടിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ത്യാഗം, സേവനം, ധൈര്യം, കരുണ എന്നീ മൂല്യങ്ങളാണ് മിസോ സമൂഹത്തിന്റെ കേന്ദ്രബിന്ദുവെന്നും പ്രധാനമന്ത്രി മിസോറമിൽ പറഞ്ഞു. പ്രതികൂല കാലാവസ്ഥ കാരണം ഐസ്വാളിലെ ഉദ്ഘാടന വേദിയിൽ എത്താൻ സാധിക്കാതിരുന്ന പ്രധാനമന്ത്രി ലെങ്‌പുയി വിമാനത്താവളത്തിലാണ് ജനങ്ങളെ അഭിസംബോധന ചെയ്തത്.

സ്വാതന്ത്ര്യലബ്ധിക്ക് 78 വർഷങ്ങൾക്ക് ശേഷം മിസോറമിലൂടെ ട്രെയിൻ ഓടിത്തുടങ്ങും. നോർത്ത് ഈസ്റ്റ് ഫ്രണ്ടിയറിന്റെ ഭാഗമായി വിഭാവനം ചെയ്തതാണ് ബൈരാബി- സായ്‌രങ് റെയിൽവേ ലൈൻ. മലമടക്കുകൾക്കിടയിലൂടെയുള്ള ഈ റെയിൽവേ പാത നിർമിക്കുക ഏറെ ദുഷ്കരമായ ദൗത്യമായിരുന്നു. അതുകൊണ്ട് തന്നെയാണ് പാതയുടെ നിർമാണം പൂർത്തിയാകാൻ 11 വർഷമെടുത്തത്.

ഈ 51.38 കിലോമീറ്റർ ദൈർഘ്യമുള്ള പാത നിർമാണ വിസ്മയം കൂടിയാണ്. 48 തുരങ്കങ്ങളും 142 പാലങ്ങളുമാണ് ഈ പാതയിലുള്ളത്. ഇതിൽ 1.37 കിലോമീറ്റർ വരെ ദൈർഘ്യമുള്ള തുരങ്കങ്ങളും ഉൾപ്പെടുന്നു. 55 വലിയ പാലങ്ങളും 87 ചെറുപാലങ്ങളുമാണ് പാതയിലുള്ളത്. പാലങ്ങളെല്ലാം തന്നെ 100 മീറ്റർ 114 മീറ്റർ ഉയരത്തിലാണ് നിർമിച്ചിട്ടുള്ളത്. സായ്‌രങ് റെയിൽവേ സ്റ്റേഷന് സമീപത്തായുള്ള 114 മീറ്റർ പൊക്കമുള്ള ക്രങ് പാലം ഉയരത്തിൽ രാജ്യത്തെ രണ്ടാമത്തെ പാലമാണ്. 1.3 കിലോമീറ്റർ ദൈർഘ്യമുള്ള പാലവും ഇക്കൂട്ടത്തിലുണ്ട്. ബൈരാബി- സായ്‌രങ് റെയിൽപാത നിലവിൽ വരുന്നതോടെ ഗോഹട്ടിയിൽ നിന്ന് ഐസ്‌വാളിലേക്കുള്ള യാത്രാസമയം 24 മണിക്കൂറിൽ നിന്ന് 13 മണിക്കൂറായി ചുരുങ്ങും. ഹോർതോകി, കാൻപൂയി, മാൽഖാങ് എന്നിവയാണ് പാതയിലെ മറ്റ് റെയിൽവേ സ്റ്റേഷനുകൾ. 5021.45 കോടി രൂപയാണ് പാതയുടെ നിർമാണത്തിനായി ചെലവായത്.

കുക്കി-മെയ്തി കലാപം നടന്ന മണിപ്പൂരിലും ഇന്ന് ഉച്ചയോടെ പ്രധാനമന്ത്രി സന്ദർശനം നടത്തും. രണ്ട് വർഷത്തിന് ശേഷമാണ് മോദി മണിപ്പൂരിൽ എത്തുന്നത്. കുക്കി-മെയ്തെയ് മേഖലകളിൽ പൊതുപരിപാടികളിൽ പ്രധാനമന്ത്രി പങ്കെടുക്കും. കലാപത്തിന് ഇരയായവരേയും സന്ദർശിക്കും. 8500 കോടി രൂപയുടെ പദ്ധതികളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് ഇംഫാലിലും ചുരാചന്ദ്പൂരിലും കനത്ത സുരക്ഷാ വലയം ഒരുക്കിയിട്ടുണ്ട്.

SCROLL FOR NEXT