NATIONAL

"അവരുടെ കാത്തിരിപ്പ് ഇനിയും നീട്ടാനാകില്ല, വനിതാ സംവരണം കാലഘട്ടത്തിന്റെ ആവശ്യം"; സ്ത്രീകള്‍ക്ക് കത്തെഴുതി പ്രധാനമന്ത്രി

രാജ്യമെങ്ങുമുള്ള സ്ത്രീകൾ നിയമഭേദഗതിയെ പ്രശംസിക്കുന്നുവെന്നും കത്തിൽ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടുന്നു

Author : ന്യൂസ് ഡെസ്ക്

ഡൽഹി: വനിതാ സംവരണ നിയമ ഭേദഗതി ബിൽ പാർലമെൻ്റ് പരിഗണിക്കാനിരിക്കെ രാജ്യത്തെ സ്ത്രീകൾക്ക് തുറന്ന കത്തെഴുതി പ്രധാനമന്ത്രി നരേന്ദ്ര മോദി. നിയമനിർമാണ സഭകളിൽ വനിതാ പ്രാതിനിധ്യം വർധിപ്പിച്ചാൽ ജനാധിപത്യം കൂടുതൽ ശക്തിപ്പെടുമെന്നാണ് മോദി കത്തിൽ പറയുന്നത്. വിവിധ മേഖലകളിൽ മികവ് പുലർത്തുന്ന സ്ത്രീകൾ, വനിതാ പ്രാതിനിധ്യം വന്നാൽ നിയമനിർമാണ സഭകളിലും മികച്ച പ്രകടനം നടത്തും. സ്ത്രീകളുടെ കാത്തിരിപ്പ് ഇനിയും നീട്ടാനാകില്ലെന്നും രാജ്യമെങ്ങുമുള്ള സ്ത്രീകൾ നിയമഭേദഗതിയെ പ്രശംസിക്കുന്നുവെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു. ബിൽ പാസായാൽ 2029 മുതൽ വനിതാ സംവരണം നടപ്പാകും.

ഈ മാസം 16 മുതൽ മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന പ്രത്യേക പാർലമെൻ്റ് സമ്മേളനത്തിൽ ബിൽ ചർച്ച ചെയ്യുമെന്ന് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ദശാബ്ദങ്ങൾ നീണ്ട കാത്തിരിപ്പിന് വിരാമമിടാൻ സമയമായെന്നും രാജ്യം ഒരു പുതിയ ചരിത്രം സൃഷ്ടിക്കുന്നതിന് സാക്ഷ്യം വഹിക്കാൻ പോകുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഡൽഹിയിലെ വിജ്ഞാൻ ഭവനിൽ നടന്ന നാരിശക്തി വന്ദൻ സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.

ഈ ചുവടുവെപ്പ് സ്ത്രീകളുടെ ശക്തിക്കും ബഹുമാനത്തിനും സമർപ്പിച്ചിട്ടുള്ളതാണ്. രാജ്യത്തിന്റെ ചരിത്രത്തിൽ പാർലമെന്റ് ഒരു പുതിയ അധ്യായം രചിക്കുന്നതിന് അടുത്തെത്തിയിരിക്കുകയാണ്. വനിതാ സംവരണ ബില്ലിന്റെ കാര്യത്തിൽ ഇന്ത്യ ഒറ്റക്കെട്ടായാണ് നിലകൊള്ളുന്നത്. 40 വർഷത്തിനു ശേഷമാണ് ബിൽ വരുന്നത്. ഇത് 2029 ഓടെ നടപ്പിലാക്കണം. 21ാം നൂറ്റാണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട തീരുമാനങ്ങളിലൊന്നാണിതെന്നും പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.

SCROLL FOR NEXT