നാഷണല്‍ ഹെറാള്‍ഡ് കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിക്കും സോണിയ ഗാന്ധിക്കും എതിരെ ക്രിമിനല്‍ ഗൂഢാലോചന കുറ്റം ചുമത്തി.
ഡല്‍ഹി പോലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം സമര്‍പ്പിച്ച പുതിയ എഫ്‌ഐആറിലാണ് കുറ്റം ചുമത്തിയത്. രാഹുലും സോണിയയും അടക്കം ആറ് പേര്‍ക്കെതിരൊയണ് കുറ്റം.
സാം പിത്രോഡയ്‌ക്കെതിരേയും കുറ്റം ചുമത്തിയിട്ടുണ്ട്. കൂടാതെ, അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡ് (എജെഎല്‍), യങ് ഇന്ത്യന്‍, ഡോട്ടെക്‌സ് മെര്‍ച്ചന്‍ഡൈസ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ കമ്പനികളും എഫ്‌ഐആറില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ മാതൃ കമ്പനിയായ അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡ് (എജെഎല്‍) വഞ്ചനാപരമായി ഏറ്റെടുക്കുന്നതിനുള്ള ക്രിമിനല്‍ ഗൂഢാലോചനയാണ് എഫ്ഐആറില്‍ ആരോപിക്കുന്നത്.
സോണിയ ഗാന്ധിക്കും രാഹുലിനും 76 ശതമാനം ഓഹരി പങ്കാളിത്തമുള്ള യുംഗ് ഇന്ത്യന് കൊല്‍ക്കത്ത ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഷെല്‍ കമ്പനിയായ ഡോട്ടെക്‌സ് മെര്‍ച്ചന്‍ഡൈസ് ഒരു കോടി രൂപ നല്‍കി. ഈ ഇടപാടിലൂടെ യങ് ഇന്ത്യന്‍ കോണ്‍ഗ്രസിന് 50 ലക്ഷം രൂപ നല്‍കുകയും 2,000 കോടി രൂപ ആസ്തിയുള്ള എജെഎല്ലിന്റെ നിയന്ത്രണം നേടിയതായുമാണ് ആരോപണം.
ഇഡി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഒക്ടോബര്‍ മൂന്നിനാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. കള്ളപ്പണ നിരോധന നിയമം സെക്ഷന്‍ 66(22) പ്രകാരം ഇഡിക്ക് ഏത് ഏജന്‍സിയോടും കേസെടുക്കാനും അന്വേഷണം നടത്താനും ആവശ്യപ്പെടാം.
ബിജെപി നേതാവ് സുബ്രഹ്‌മണ്യന്‍ സ്വാമി സമര്‍പ്പിച്ച സ്വകാര്യ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. ഇതിനുപിന്നാലെ കേസില്‍ ഇഡി അന്വേഷണം ആരംഭിച്ചിരുന്നു. ഗാന്ധി കുടുംബവും മറ്റ് കോണ്‍ഗ്രസ് നേതാക്കളും വ്യക്തിപരമായ നേട്ടത്തിനായി എജെഎല്ലിന്റെ സ്വത്തുക്കള്‍ ദുരുപയോഗം ചെയ്തുവെന്നാണ് ഇഡിയുടെ ആരോപണം.
2010ല്‍, പുതുതായി രൂപീകരിച്ച യങ് ഇന്ത്യന്‍ പ്രൈവറ്റ് ലിമിറ്റഡ് (വൈഐഎല്‍) എന്ന കമ്പനി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ നിന്ന് 50 ലക്ഷം രൂപയ്ക്ക് എജെഎല്ലിന്റെ കടങ്ങള്‍ ഏറ്റെടുത്തിരുന്നു. തുടര്‍ന്ന്, 2,000 കോടിയിലധികം വിലമതിക്കുന്ന എജെഎല്ലിന്റെ ആസ്തികളുടെ നിയന്ത്രണം വൈഐഎല്ലിന് ലഭിച്ചു. വൈഐഎല്ലില്‍ ഭൂരിപക്ഷ ഓഹരികളും കൈവശം വച്ചിരുന്നത് സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയുമായിരുന്നു.