Source:Social Media
NATIONAL

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു; ദേശീയ ഷൂട്ടിംഗ് പരിശീലകനെ സസ്പെൻഡ് ചെയ്തു

അത്ലറ്റായ പെൺകുട്ടിയുടെ കുടുംബം നൽകിയ പരാതിയിലാണ് പരിശീലകൻ അങ്കുഷ് ഭരദ്വാജിനെ സസ്പെൻഡ് ചെയ്തത്

Author : വിന്നി പ്രകാശ്

ഹരിയാനയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ ദേശീയ ഷൂട്ടിങ് പരിശീലകനെ സസ്പെൻഡ് ചെയ്തു. അത്ലറ്റായ പെൺകുട്ടിയുടെ കുടുംബം നൽകിയ പരാതിയിലാണ് പരിശീലകൻ അങ്കുഷ് ഭരദ്വാജിനെ സസ്പെൻഡ് ചെയ്തത്.

ഡൽഹിയിലെ ദേശീയ ഷൂട്ടിങ് മത്സരത്തിനിടെയാണ് ഫരീദാബാദുകാരിയായ അത്ലറ്റിനെതിരെ ഹോട്ടൽ മുറിയിൽ വെച്ച് അതിക്രമമുണ്ടായത്. പോക്സോ നിയമപ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്. നാഷണൽ റൈഫിൾ അസോസിയേഷൻ ഓഫ് ഇന്ത്യ നിയമിച്ച 13 ദേശീയ പിസ്റ്റൾ പരിശീലകരിൽ ഒരാളാണ് പ്രതിയായ അങ്കുഷ് ഭരദ്വാജ്.

ഹോട്ടലിൻ്റെ ലോബിയിൽ ആദ്യം പരിശീലകനെ കാണാൻ എത്താൻ പരാതിക്കാരിയായ പെൺകുട്ടിയോട് ആദ്യം ആവശ്യപ്പെട്ടെങ്കിലും പിന്നീട് മുറിയിലേക്ക് പോകാൻ സമ്മർദം ചെലുത്തിയതായി എഫ്‌ഐആറിൽ പറയുന്നു. സംഭവത്തെക്കുറിച്ച് ആരോടെങ്കിലും പറഞ്ഞാൽ അവളുടെ കരിയർ നശിപ്പിക്കുമെന്നും കുടുംബത്തെ ഉപദ്രവിക്കുമെന്നും ഇയാൾ ഭീഷണിപ്പെടുത്തിയതായും എഫ്‌ഐആറിൽ പറയുന്നുണ്ട്. സംഭവത്തിൻ്റെ ആഘാതത്തിൽ ഹോട്ടലിൽ നിന്നും പോയ പെൺകുട്ടി പിന്നീടാണ് വിവരം കുടുംബത്തെ അറിയിച്ചത്. തുടർന്ന് കുടുംബം പൊലീസിൽ പരാതി നൽകുകയായിരുന്നു. മറ്റൊരു വനിതാ ഷൂട്ടർക്കും ഇതേ പരിശീലകനിൽ നിന്ന് സമാനമായ പെരുമാറ്റം നേരിടേണ്ടി വന്നിട്ടുള്ളതായും പരാതിക്കാരിയായ പെൺകുട്ടി ആരോപിച്ചു.

സംഭവത്തിൻ്റെ ഗൗരവം കണക്കിലെടുത്ത് ഹോട്ടലിൽ നിന്നുള്ള അന്നേ ദിവസത്തെ സിസിടിവി ദൃശ്യങ്ങൾ ഉടൻ കൈമാറണമെന്ന് ഹോട്ടൽ അധികൃതരോട് ആവശ്യപ്പെട്ടതായി ഫരീദാബാദ് പൊലീസിൻ്റെ പബ്ലിക് റിലേഷൻസ് ഓഫീസർ യഷ്പാൽ യാദവ് പറഞ്ഞു.

SCROLL FOR NEXT