NATIONAL

തടവിലാക്കപ്പെട്ടാല്‍ മന്ത്രിമാരെ പുറത്താക്കുന്ന വിവാദ ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി, പ്രതിഷേധിച്ച് പ്രതിപക്ഷം

ബില്‍ കീറിയെറിഞ്ഞും മുദ്രാവാക്യം വിളിച്ചുമാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്. ബില്‍ ജെപിസിക്ക് വിടാന്‍ തയ്യാറാണെന്നും അമിത് ഷാ പറഞ്ഞു.

Author : ന്യൂസ് ഡെസ്ക്

തടവിലാക്കപ്പെട്ടാല്‍ മുഖ്യമന്ത്രിമാരെയും മന്ത്രിമാരെയും പുറത്താക്കുന്ന വിവാദ ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ബില്ലിനെതിരെ രൂക്ഷമായ പ്രതിപക്ഷം പ്രതിഷേധിച്ച് രംഗത്തെത്തി. ബില്‍ കീറിയെറിഞ്ഞും മുദ്രാവാക്യം വിളിച്ചുമാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്. ബില്‍ ജെപിസിക്ക് വിടാന്‍ തയ്യാറാണെന്നും അമിത് ഷാ പറഞ്ഞു.

എന്‍.കെ. പ്രേമചന്ദ്രന്‍ എംപി അടക്കമുള്ളവര് ബില്ലിനെ എതിര്‍ത്ത് രംഗത്തെത്തി. അവതരണത്തിന് മുമ്പ് ബില്‍ അംഗങ്ങള്‍ക്ക് വായിക്കാന്‍ നല്‍കിയില്ലെന്നും തിരക്കിട്ട് ഇങ്ങനെ ഒരു ബില്‍ കൊണ്ടുവരാനുള്ള സാഹചര്യം എന്താണെന്നും എന്‍കെ പ്രേമചന്ദ്രന്‍ പറഞ്ഞു. ബിജെപിയിതര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് എതിരെയുള്ള പദ്ധതിയാണെന്നും പ്രേമചന്ദ്രന്‍ പറഞ്ഞു.

ബില്ലിനെ എതിര്‍ത്ത് കെ.സി. വേണുഗോപാലും രംഗത്തെത്തി. രാഷ്ട്രീയ ധാര്‍മിതയ്ക്ക് എതിരായ ബില്ലാണെന്ന് അദ്ദേഹം പറഞ്ഞു. പിന്നാലെ അമിത് ഷായും കെസി വേണുഗോപാലും തമ്മില്‍ വാക്‌പോരില്‍ ഏര്‍പ്പെടുന്ന സ്ഥിതിയുമുണ്ടായി.

ഗുജറാത്തില്‍ മന്ത്രിയായിരുന്ന കാലത്ത് അമിത് ഷായും അറസ്റ്റ് ചെയ്യപ്പെട്ടിരുന്നുവെന്ന് കെ.സി. വേണുഗോപാല്‍ ഓര്‍മപ്പെടുത്തി. എന്നാല്‍ അന്ന് താന്‍ ധാര്‍മികത പാലിച്ച് മന്ത്രിസ്ഥാനും രാജിവെച്ചിട്ടാണ് ജയിലില്‍ പോയതെന്ന് അമിത്ഷായും പറഞ്ഞു.

പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് അമിത് ഷാ ഒന്നാം നിരയില്‍ നിന്ന് മാറി. മൂന്നാം നിരയില്‍ നിന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രി ബില്‍ അവതരിപ്പിച്ചത്.

ബില്‍ ചർച്ച ചെയ്യാനായി 31 അംഗ സംയുക്ത പാർലമെന്റ്ററി കമ്മിറ്റിയെ രൂപീകരിച്ചു. ജെപിസിയിലെ 21 അംഗങ്ങള്‍ ലോക്‌സഭയില്‍ നിന്നും 10 അംഗങ്ങള്‍ രാജ്യസഭയില്‍ നിന്നുമാണ്. പ്രതിപക്ഷ ബഹളത്തെ തുടർന്ന് സഭ അഞ്ച് മണി വരെ നിർത്തിവെച്ചു.

SCROLL FOR NEXT