സ്ഫോടനത്തിൻ്റെ ദൃശ്യങ്ങൾ 
NATIONAL

ഡൽഹി സ്ഫോടനക്കേസ്: ഒരാൾ കൂടി അറസ്റ്റിൽ; പ്രതികൾക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുമെന്ന് അമിത് ഷാ

ജമ്മുകശ്മീർ അനന്ത്നാഗ് സ്വദേശി ജാസിർ ബിലാൽ വാനിയാണ് പിടിയിലായത്

Author : ന്യൂസ് ഡെസ്ക്

ഡൽഹി: രാജ്യത്തെ നടുക്കിയ ചെങ്കോട്ട സ്ഫോടനക്കേസിൽ ജമ്മുകശ്മീരിൽ ഉടനീളം ഭീകരവിരുദ്ധ സേനയുടെ പരിശോധന തുടരുന്നു. ഗൂഢാലോചനയിൽ ഒരാളെക്കൂടി എൻഐഎ സംഘം അറസ്റ്റ് ചെയ്തു. ജമ്മുകശ്മീർ അനന്ത്നാഗ് സ്വദേശി ജാസിർ ബിലാൽ വാനിയാണ് പിടിയിലായത്. ആക്രമണത്തിന് പിന്നിലുള്ളവരെ കണ്ടെത്തി പരമാവധി ശിക്ഷ നൽകുമെന്ന് ആഭ്യനന്തര മന്ത്രി അമിത് ഷാ ആവർത്തിച്ചു.

ഡ്രോണുകളിൽ രൂപം മാറ്റം വരുത്തിയും, റോക്കറ്റുകൾ നിർമിക്കാൻ ശ്രമിച്ചും ഭീകരാക്രമണങ്ങൾക്ക് സഹായം നൽകിയെന്നാരോപിച്ചാണ് അനന്ത്നാഗ് സ്വദേശി ജാസിർ ബിലാൽ വാനിയെന്ന ഡാനിഷിനെ എൻഐഎ സംഘം അറസ്റ്റ് ചെയ്തത്. ഉമർ നബിയടക്കമുള്ള ഭീകര സംഘത്തിന് സാങ്കേതിക സഹായം നൽകിയത് ജാസിർ ബിലാലാണെന്നാണ് എൻഐഎയുടെ കണ്ടെത്തൽ. മൂന്ന് ദിവസം മുൻപ് ഇയാളെ ജമ്മുകശ്മീർ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

ഡൽഹി ചെങ്കോട്ട സ്ഫോടനക്കേസിലെ മുഖ്യപ്രതിയെന്ന് അനുമാനിക്കുന്ന ഉമർ നബിയുമായി ചേർന്ന് ജാസിർ ഭീകരാക്രമണം ആസൂത്രണം ചെയ്തിരുന്നതായാണ് വിവരം. ചാവേർ ആക്രമണത്തിന് തയാറായിരിക്കാൻ ഇയാളോട് ഉമർ ആവശ്യപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.

ഡൽഹി , ജമ്മുകശ്മീർ, ഹരിയാന, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ പൊലീസുമായും മറ്റ് അന്വേഷണ ഏജൻസികളുമായും ഏകോപനം നടത്തി പഴുതടച്ച അന്വേഷണമാണ് എൻഐഎ നടത്തുന്നത്. ആസൂത്രണം, സാധനസാമഗ്രഹികൾ എത്തിക്കൽ, ധനസമാഹരണം എന്നിവ ഉൾപ്പെടെ ആക്രമണത്തിന് പിന്നിലുള്ള വലിയ ശൃഖലയെ കണ്ടെത്തുന്നതിനാണ് അന്വേഷണ സംഘം ശ്രമിക്കുന്നത്.

SCROLL FOR NEXT