ബിഹാർ: തെരഞ്ഞെടുപ്പിന് മുന്നോടിയായി വമ്പൻ പ്രഖ്യാപനം നടത്തി മുഖ്യമന്ത്രി നിതീഷ് കുമാർ. സംസ്ഥാനത്തെ ഒന്നരക്കോടിയോളം കുടുംബങ്ങൾക്ക് സൗജന്യമായി വൈദ്യുതി വിതരണം ചെയ്യുമെന്നാണ് നിതീഷ് കുമാറിൻ്റെ വാഗ്ദാനം. ഓഗസ്റ്റ് 1 മുതൽ പുതിയ പ്രഖ്യാപനം പ്രാബല്യത്തിൽ വരുമെന്നും ബിഹാർ മുഖ്യമന്ത്രി വ്യക്തമാക്കി.
സമൂഹമാധ്യമമായ എക്സിലൂടെയാണ് നിതീഷ് കുമാറിൻ്റെ പ്രഖ്യാപനം. 125 യുണിറ്റ് വൈദ്യുതി വരെയാണ് ജനങ്ങൾക്ക് സൗജന്യമായി വിതരണം ചെയ്യുക. സൗജന്യ വൈദ്യുതി കൂടാതെ പൂർണമായും സർക്കാർ ചെലവിൽ വീടുകളിൽ സോളാർ പാനൽ സ്ഥാപിക്കുമെന്നും നിതീഷ് കുമാർ പറഞ്ഞു.
"തുടക്കം മുതൽക്കേ എല്ലാവർക്കും താങ്ങാനാവുന്ന നിരക്കിലാണ് ഞങ്ങൾ വൈദ്യുതി നൽകിയത്. ഇനി 2025 ഓഗസ്റ്റ് 1 മുതൽ, അതായത് ജൂലൈ മുതൽക്കുള്ള ബില്ലിൽ സംസ്ഥാനത്തെ എല്ലാ ഗാർഹിക ഉപഭോക്താക്കളും 125 യൂണിറ്റ് വരെയുള്ള വൈദ്യുതി സൗജന്യമായി നൽകാൻ ഞങ്ങൾ തീരുമാനിച്ചു. സംസ്ഥാനത്തെ 1.67 കോടി കുടുംബങ്ങൾക്ക് ഇത് പ്രയോജനപ്പെടും," നിതീഷ് കുമാർ എക്സ് പോസ്റ്റിൽ കുറിച്ചു.
125 യൂണിറ്റ് വരെയുള്ള വൈദ്യുതി ഇനി ഉപഭോക്താക്കൾക്ക് തികച്ചു സൗജന്യമായിരിക്കുമെന്ന് വ്യക്തമാക്കിയ നിതീഷ് കുമാർ, അടുത്ത മൂന്ന് വർഷത്തിനുള്ളിൽ സംസ്ഥാനത്ത് 10,000 മെഗാവാട്ട് വരെ സൗരോർജം ലഭ്യമാകുമെന്നും പോസ്റ്റിൽ കുറിച്ചു.
തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ബീഹാറിൽ നിരവധി വലിയ പ്രഖ്യാപനങ്ങളാണ് നിതീഷ് കുമാർ നടത്തിയിരിക്കുന്നത്. നേരത്തെ ഒരു ലക്ഷത്തിലധികം അധ്യാപകരെ നിയമിക്കുന്നതിനായി ബിഹാർ പബ്ലിക് സർവീസ് കമ്മീഷൻ അധ്യാപക നിയമന പരീക്ഷയുടെ നാലാം ലിസ്റ്റ് പബ്ലിഷ് ചെയ്യുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. സർക്കാർ ജോലിയിൽ 35 ശതമാനം സംവരണം ഉൾപ്പടെ വിവിധ പദ്ധതികളും തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ട് നിതീഷ് കുമാർ പ്രഖ്യാപിച്ചിട്ടുണ്ട്