കേന്ദ്രബജറ്റിൽ കേരളത്തിന് അതിവേഗ റെയിൽ ഇല്ല. ചെന്നൈയും ബെംഗളൂരുവുമുൾപ്പെടെ 7 അതിവേഗ റെയിൽ കോറിഡോറുകൾ പ്രഖ്യാപിച്ചതിലാണ് കൊച്ചിയും തിരുവനന്തപുരവും ഒഴിവാക്കിയത്. കേരളത്തെ ഒഴിവാക്കിയതിനെ തുടർന്ന് പ്രതിപക്ഷ എംപിമാർ "കേരളം..കേരളം "എന്ന് ഉറക്കെ വിളിച്ച് ബഹളമുണ്ടാക്കി.
ഇന്ത്യയിലെ പ്രധാന നഗരങ്ങളെ ചേർത്താണ് അതിവേഗ റെയിൽ കോറിഡോർ പ്രഖ്യാപിച്ചത്. മുംബൈ-പൂനെ, പൂനെ- ഹൈദരാബാദ്, ഹൈദരാബാദ്- ബെംഗളൂരു, ഹൈദരാബാദ് -ചെന്നൈ, ചെന്നൈ-ബെംഗളൂരു, ഡൽഹി- വാരാണാസി, വാരണാസി- സിലിഗുരി എന്നിങ്ങനെയാണ് അതിവേഗ റെയിൽ റൂട്ടുകൾ പ്രഖ്യാപിച്ചിരിക്കുന്നത്.
കേരളത്തിന് അതിവേഗ റെയിൽ ലഭിക്കുന്ന പ്രതീക്ഷയാണ് ഇതോടെ ഇല്ലാതായത്. കുറച്ചു ദിവസങ്ങൾക്ക് മുമ്പ് ഇ.ശ്രീധരൻ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനെ കാണുകയും പ്രൊജക്റ്റ് റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തിരുന്നു. ഇതിനെ തുടർന്ന് പൊന്നാനിയിൽ പ്രൊജക്റ്റ് ഓഫീസ് വരെ തുടങ്ങുമെന്നും ഇ. ശ്രീധരൻ വ്യക്തമാക്കിയിരുന്നു.
അതേസമയം, ബജറ്റിൽ കേരളത്തിന് ധാതു ഇടനാഴി അനുവദിച്ചിട്ടുണ്ട്. കേരളം, തമിഴ്‌നാട്, ആന്ധ്രാ പ്രദേശ്, ഒഡിഷ എന്നീ നാലു സംസ്ഥാനങ്ങളെ ബന്ധിപ്പിച്ചിട്ടുള്ളതാണ് ധാതു ഇടനാഴി. കേരള ബജറ്റിലും വിഴിഞ്ഞം- ചവറ ധാതു ഇടനാഴി പദ്ധതി പ്രഖ്യാപിച്ചിരുന്നു. ഇതിന് പുറമേ കടലാമ നിരീക്ഷണ വിനോദ സഞ്ചാര പദ്ധതിയും കേരളത്തിന് പ്രഖ്യാപിച്ചിട്ടുണ്ട്.