ലഖ്നൗ: ഒരു കുടുംബത്തിലെ അഞ്ച് പേരെ മരിച്ച നിലയിൽ കണ്ടെത്തി. മഹേഷ് (37), ഭാര്യ ലളിത (35), മക്കളായ ലഡ്ഡു (11), മിഷ്തി (7), സാക്ഷത് (3) എന്നിവരാണ് മരിച്ചത്. കഴിഞ്ഞ രാത്രി ഇവർ നൂഡിൽസാണ് കഴിച്ചതെന്നും, ഇതിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റതാണ് മരണകാരണമെന്നും പൊലീസ് പറഞ്ഞതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു. ഇന്ന് രാവിലെയാണ് മരണ വിവരം ലഭിച്ചതെന്ന് പൊലീസ് അറിയിച്ചു.
പൊലീസും മുതിർന്ന ഉദ്യോഗസ്ഥരും ഭക്ഷ്യസുരക്ഷാ വകുപ്പിലെ സംഘവും സ്ഥലത്തെത്തുകയും പരിശോധന നടത്തുകയും മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം പരിശോധനയ്ക്കായി അയക്കുകയും ചെയ്തു. ഭക്ഷ്യവിഷബാധയായിരിക്കാം മരണകാരണമെന്ന് പ്രാഥമിക വിലയിരുത്തൽ സൂചിപ്പിക്കുന്നുണ്ടെങ്കിലും മരണകാരണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്.
പോസ്റ്റ്മോർട്ടം റിപ്പോർട്ടുകളിലൂടെയും മറ്റ് ശാസ്ത്രീയ പരിശോധനകളിലൂടെയും മാത്രമേ അന്തിമ വിവരം സ്ഥിരീകരിക്കാൻ സാധിക്കുകയുള്ളൂ. അന്വേഷണത്തിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ തുടർ നടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.