ഉത്തരാഖണ്ഡും ഹിമാചലും അടക്കം രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ കനത്ത മഴ തുടരുകയാണ്. ഹിമാചലിൽ ഒരാഴ്ച്ചയ്ക്കിടെയുണ്ടായ പേമാരിയിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 80 ആയി. അളകനന്ദയിലെ ജലനിരപ്പ് അപകടനിലയിലേക്ക് ഉയർന്നതോടെ ഉത്തരാഖണ്ഡ് സർക്കാർ ജാഗ്രതാനിർദേശം നൽകി. നാല് ജില്ലകളിൽ ഉരുൾപൊട്ടൽ മുന്നറിയിപ്പുണ്ട്. ഡൽഹിയിലും മധ്യപ്രദേശിലും കനത്ത മഴയാണ്.
പേമാരിയും വെള്ളപ്പൊക്കവും ഉത്തരാഖണ്ഡിനേയും ഹിമാചലിനേയും സാരമായി ബാധിച്ചു. അളകനന്ദ ഉഗ്രരൂപത്തിലേക്ക് മാറിയതോടെ സർക്കാർ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. ഉത്തരാഖണ്ഡിലെ തെഹ്രി, ഉത്തരകാശി, രുദ്രപ്രയാഗ്, ചമോലി ജില്ലകളിൽ മണ്ണിടിച്ചിൽ സാധ്യതയുണ്ടെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
ഹിമാചലിൽ പ്രളയം, ജനജീവിതം താറുമാറാക്കി. ചമ്പ, മണ്ഡി ജില്ലകളിലാണ് കൂടുതൽ നാശനഷ്ടം. പ്രധാന റോഡുകളും പാലങ്ങളും പലയിടത്തും തകർന്നു. 572 കോടിയുടെ നാശനഷ്ടം ഹിമാചലിന് ഉണ്ടായെന്നാണ് പ്രാഥമിക കണക്ക്. 23 -ഇടത്ത് വെള്ളപ്പൊക്കവും 19 ഇടത്ത് മേഘവിസ്ഫോടനം നടന്നെന്നാണ് കണ്ടെത്തൽ.
സംസ്ഥാനത്ത് 16 സ്ഥലങ്ങളിൽ മണ്ണിടിഞ്ഞു. മരണസംഖ്യ ഉയർന്നേക്കും. മേഘ വിസ്ഫോടന സാധ്യത ഇനിയുമുണ്ടെന്ന് സർക്കാർ അറിയിച്ചു. അതേ സമയം മധ്യപ്രദേശിൽ ജൊഹില ഡാമിന്റെ ഷട്ടറുകൾ കനത്ത മഴയെ തുടർന്ന് തുറന്നതോടെ നദികൾ നിറഞ്ഞു കവിഞ്ഞു. സംസ്ഥാനത്ത് ഓറഞ്ച് അലേർട് പ്രഖ്യാപിച്ചിരിക്കുകയാണ് സർക്കാർ.
ഡൽഹിയിലടക്കം പല ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും കനത്ത മഴ തുടരുകയാണ്. ഡെൽഹിയിലെ മെഹ്റൂളി-ബദർപൂർ പ്രധാന പാത പ്രധാന വെള്ളക്കെട്ടായി മാറി. പലയിടത്തും ഗതാഗതം സ്തംഭിച്ചു. ഒഡിഷയിലെ താഴ്ന്ന പ്രദേശങ്ങളെ മഴ കാര്യമായി ബാധിച്ചു. ഒഡിഷയിലെ ജർഗ് സുധ് മേഖലയിലടക്കം കനത്ത മഴയാണ്.