ഒമർ അബ്ദുള്ളയും ഭാര്യയും വിവാഹമോചിതരായി 
NATIONAL

'പരസ്പരം കൈകൊടുത്ത് പിരിഞ്ഞു'; ഒമർ അബ്ദുള്ളയും ഭാര്യയും വിവാഹമോചിതരായി

17 വർഷം നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയും ഭാര്യയും വിവാഹമോചിതരായത്.

Author : ന്യൂസ് ഡെസ്ക്

ഡൽഹി: ദീർഘകാലമായി അകന്നു കഴിഞ്ഞിരുന്ന ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയും ഭാര്യ പായൽ അബ്ദുള്ളയും വിവാഹമോചിതരായി. ഇരുവരുടെയും വിവാഹമോചന ഹർജി സുപ്രീംകോടതി അംഗീകരിച്ചു. ഇരുവിഭാഗങ്ങളും തമ്മിലുള്ള തർക്കങ്ങൾ പൂർണമായും പരിഹരിച്ചതായി അഭിഭാഷകൻ കോടതിയെ അറിയിച്ചതോടെയാണ് കോടതി വിവാഹമോചനം നൽകിയത്.

ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, അലോക് അറാധെ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി തീർപ്പാക്കിയത്. ഒമർ അബ്ദുള്ളയ്ക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ എല്ലാ പ്രശ്നങ്ങളും പരിഹരിച്ചതായി കോടതിയെ അറിയിച്ചു.

ഇരുവരും സ്വാതന്ത്ര്യത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. കാര്യങ്ങളെല്ലാം ഒത്തുതീർപ്പായിട്ടുണ്ടെന്നും, വിവാഹമോചനം അനുവദിക്കാവുന്നതാണെന്നും, നിലവിലുള്ള മറ്റ് കേസുകളെല്ലാം പിൻവലിക്കുകയും ചെയ്യുമെന്നും കപിൽ സിബൽ കോടതിയെ ധരിപ്പിച്ചു. ഇരുകക്ഷികളുടെയും വാദങ്ങൾ കേട്ട കോടതി വിവാഹമോചനം അനുവദിച്ച് ഹർജി തീർപ്പാക്കുകയായിരുന്നു.

വിവാഹമോചനത്തിനായി ഭരണഘടനയുടെ 142-ാം അനുച്ഛേദം പ്രകാരമുള്ള സംയുക്ത അപേക്ഷയാണ് ഇരുവരും സുപ്രീം കോടതിയിൽ സമർപ്പിച്ചത്. 1994 സെപ്റ്റംബറിലാണ് ഒമർ അബ്ദുള്ളയും പായൽ അബ്ദുള്ളയും വിവാഹിതരായത്. ദീർഘകാലമായി ഇരുവരും അകന്ന് താമസിക്കുകയാണ്. വിവാഹമോചനം ആവശ്യപ്പെട്ട് ഒമർ അബ്ദുള്ള കുടുംബ കോടതിയെ സമീപിച്ചെങ്കിലും 2016ൽ ഹർജി തള്ളിയിരുന്നു.

പായലിനെതിരെ ഒമർ ചുമത്തിയ വാദങ്ങൾ തെളിയിക്കുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്ന് ഹൈക്കോടതി ഹർജി തള്ളിയിരുന്നു. തുടർന്നാണ് ഒമർ സുപ്രീംകോടതിയെ സമീപിച്ചത്. കഴിഞ്ഞ വർഷം ഏപ്രിലിൽ, ഇരുവരും ചർച്ച നടത്തി പ്രശ്നങ്ങൾ സൗഹൃദപരമായി പരിഹരിക്കാൻ സുപ്രീം കോടതി നിർദേശം നൽകിയിരുന്നു.

ഇതെ തുടർന്ന് നടന്ന മധ്യസ്ഥ ചർച്ചയിലാണ് വിവാഹമോചന തീരുമാനത്തിലെത്തിയത്. വിവാഹമോചനം ആയതോടെ ഒമറിൻ്റെയും പായലിൻ്റെയും വർഷങ്ങൾ നീണ്ട നിയമനടപടികൾക്കാണ് അവസാനമായത്.

SCROLL FOR NEXT