പൂനെ: മഹാരാഷ്ട്രയിലെ ബരാമതിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ട്രാഫിക് കോൺസ്റ്റബിളിനെ താർ മഹീന്ദ്ര വാഹനം ഇടിക്കുകയും ബോണറ്റിൽ വലിച്ചിഴയ്ക്കുകയും ചെയ്തു. സംഭവത്തിൻ്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞു. ബാരാമതി ട്രാഫിക് ബ്രാഞ്ചിലെ കോൺസ്റ്റബിൾ ദത്താത്രേയ് ഭോസ്ലെയാണ് അപകടത്തിൽപ്പെട്ടത്.
സഹപ്രവർത്തകരോടപ്പം പട്രോളിംഗിലായിരുന്ന ഭോസ്ലെ, ഭിഗ്വാൻ ചൗക്കിൽ നിന്ന് പെൻസിൽ ചൗക്കിലേക്ക് പോവുകയായിരുന്ന ഫാൻസി നമ്പർ പ്ലേറ്റുള്ള എസ്യുവി തടഞ്ഞു നിർത്തുകയായിരുന്നു. ഇ ചലാൻ നൽകുന്നതിനായി വാഹനത്തിന്റെ ഫോട്ടോ എടുക്കാൻ ഭോസ്ലെ മുന്നിൽ നിൽക്കവെ ഡ്രൈവർ അമിതവേഗതയിൽ വാഹനം മുന്നോട്ടെടുത്തു.
ബോണറ്റിൽ വീണ ഭോസ്ലെയെ 40-50 അടി ദൂരം വലിച്ചിഴച്ച ശേഷം വാഹനവും കൊണ്ട് ഡ്രൈവർ കടന്നുകളയുകയായിരുന്നു. ഒടുവിൽ പിടിവിട്ട് റോഡിലേക്ക് തെറിച്ചുവീണ കോൺസ്റ്റബിളിൻ്റെ കൈക്കും കാലിനും പരിക്കേറ്റു. ബാരാമതി സിറ്റി പൊലീസ് സ്റ്റേഷനിൽ പരാതി രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഒളിവിൽ പോയ ഡ്രൈവർക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.