NATIONAL

പ്രതിപക്ഷ എംപിമാരുടെ ടീ ഷര്‍ട്ടില്‍ നിറഞ്ഞ് 'മിന്‍താ ദേവി 124 വയസ് നോട്ട് ഔട്ട്'; ബിഹാര്‍ വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിനെതിരെ പ്രതിഷേധം രൂക്ഷം

വ്യാജ വോട്ടില്‍ ഇനിയും വിവരങ്ങള്‍ പുറത്ത് വരാനുണ്ടെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ കടമ നിറവേറ്റുന്നില്ലെന്നും രാഹുൽ ഗാന്ധി

Author : ന്യൂസ് ഡെസ്ക്

ബിഹാറിലെ തെരഞ്ഞെടുപ്പ് പരിഷ്‌കരണത്തിനെതിരെ പാര്‍ലമെന്റിന് മുന്നില്‍ ഇന്ന് പ്രതിപക്ഷം പ്രതിഷേധിച്ചത് വോട്ടര്‍ പട്ടികയില്‍ 124 വയസുകാരിയെന്ന് രേഖപ്പെടുത്തിയ മിന്‍ത ദേവിയെന്ന സ്ത്രീയുടെ ചിത്രം പതിച്ച ടീ ഷര്‍ട്ട് ധരിച്ചുകൊണ്ടാണ്. '124 നോട്ട് ഔട്ട്' എന്നും ടീ ഷര്‍ട്ടില്‍ പതിച്ചിട്ടുണ്ട്.

തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബിഹാറിലെ വോട്ടര്‍ പട്ടികയില്‍ മിന്‍ത ദേവി എന്ന സ്ത്രീയുടെ പേര് 124 വയസുള്ള ആദ്യ വോട്ടര്‍ എന്ന നിലയില്‍ തെറ്റായി രേഖപ്പെടുത്തിയതായാണ് പ്രതിപക്ഷം ആരോപിക്കുന്നത്. ബിഹാറിലെ വോട്ടര്‍ പട്ടിക പരിഷ്‌കരണത്തില്‍ വ്യാപക പിശകുകള്‍ ഉണ്ടെന്നും പ്രതിപക്ഷം ആരോപിക്കുന്നു.

സിവാന്‍ ജില്ലയിലെ മിന്‍ത ദേവിക്ക് 124 വയസ്സ്, ഭാഗല്‍പൂര്‍ ജില്ലയിലെ ആശാദേവിക്ക് 120 വയസ്സ്, ഗോപാല്‍ ഗഞ്ച് ജില്ലയിലെ മനദൂരിയ ജില്ലയിലെ 119 വയസ്സ് എന്നിങ്ങനെ പ്രായം തെറ്റായി രേഖപ്പെടുത്തിയ വിവരങ്ങള്‍ കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പാര്‍ട്ടികള്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ഇത് അച്ചടി പിശക് മാത്രമാണെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം.

വോട്ട് ചോരി ആരോപണത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രാഹുല്‍ ഗാന്ധിയും രൂക്ഷവിമര്‍ശനം തുടരുകയാണ്. വ്യാജ വോട്ടില്‍ ഇനിയും വിവരങ്ങള്‍ പുറത്ത് വരാനുണ്ടെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ കടമ നിറവേറ്റുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ഭരണഘടനയുടെ അടിസ്ഥാനങ്ങളിലൊന്നായ ഒരു പൗരന് ഒരു വോട്ട് എന്നത് ഉറപ്പാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറാകുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ആരോപിച്ചു. ഭരണഘടനയെ സംരക്ഷിക്കാനുള്ള പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു.

വിഷയത്തില്‍ പാര്‍ലമെന്റിനകത്തും പുറത്തും പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കുകയാണ്. പ്രതിഷേധത്തെ തുടര്‍ന്ന് പാര്‍ലമെന്റിന്റെ ഇരുസഭകളും തടസ്സപ്പെട്ടു.

ബിഹാറിലെ അശാസ്ത്രീയ വോട്ടര്‍പട്ടിക പുതുക്കല്‍, വോട്ട് ചോരി ആരോപണങ്ങള്‍ ഉന്നയിച്ച് പ്രതിപക്ഷം പാര്‍ലമെന്റിന്റെ ഇരു സഭകളിലും പ്രതിഷേധിച്ചതോടെ സഭാ നടപടികള്‍ പലവട്ടം തടസ്സപ്പെട്ടു.സഭക്ക് പുറത്തിറങ്ങിയ പ്രതിപക്ഷ എം പിമാര്‍ ബാനറുകളും പ്ലക്കാര്‍ഡുകളും ഉയര്‍ത്തി പാര്‍ലമെന്റിന് മുന്നിലും പ്രതിഷേധമുയര്‍ത്തുകയായിരുന്നു.

SCROLL FOR NEXT