ഷഹ്ബാസ് ഷെരീഫ് 
NATIONAL

ഇന്ത്യയുമായി അര്‍ഥപൂര്‍ണമായ ചര്‍ച്ചയ്ക്ക് തയ്യാറാണ്: പാക് പ്രധാനമന്ത്രി

സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് പാക് പ്രധാനമന്ത്രി ഇന്ത്യയുമായി ചര്‍ച്ചയ്ക്ക് സന്നദ്ധത അറിയിച്ചത്

Author : ന്യൂസ് ഡെസ്ക്

ഇന്ത്യയുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് വീണ്ടും ആവര്‍ത്തിച്ച് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്. ജൂണ്‍ 24 ന് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് പാക് പ്രധാനമന്ത്രി ഇന്ത്യയുമായി ചര്‍ച്ചയ്ക്ക് സന്നദ്ധത അറിയിച്ചത്.

പ്രശ്‌നപരിഹാരത്തിനായി ഇന്ത്യയുമായി അര്‍ത്ഥവത്തായ ചര്‍ച്ച നടത്താന്‍ പാകിസ്ഥാന്‍ ഒരുക്കമാണെന്ന് ഷെരീഫ് പറഞ്ഞു. റേഡിയോ പാകിസ്ഥാനാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. ജമ്മു-കശ്മീര്‍, ജലം, വ്യാപാരം, ഭീകരവാദം അടക്കമുള്ള വിഷയങ്ങളില്‍ ചര്‍ച്ചയ്ക്ക് ഒരുക്കമാണെന്ന് പാക് പ്രധാനമന്ത്രി അറിയിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്ത്യയുമായുള്ള സംഘര്‍ഷത്തില്‍ പാകിസ്ഥാന് നല്‍കിയ പിന്തുണയില്‍ സൗദി കീരാടവകാശിയോട് നന്ദി അറിയിച്ചതായും വാര്‍ത്തയില്‍ പറയുന്നുണ്ട്.

കഴിഞ്ഞ മാസം ആദ്യം, ഇറാനിലും അസര്‍ബൈജാനിലുമായി നടത്തിയ കൂടിക്കാഴ്ചയില്‍, കശ്മീര്‍, ഭീകരവാദം, ജലം, വ്യാപാരം എന്നിവയുള്‍പ്പെടെയുള്ള എല്ലാ പ്രശ്നങ്ങളും പരിഹരിക്കുന്നതിനായി ഇന്ത്യയുമായി സമാധാന ചര്‍ച്ചകള്‍ നടത്താന്‍ ഷെരീഫ് സന്നദ്ധത പ്രകടിപ്പിച്ചിരുന്നു.

എന്നാല്‍, പാക് അധീന കശ്മീര്‍ വിഷയത്തിലും ഭീകരവാദത്തിലും മാത്രമേ പാകിസ്ഥാനുമായി ചര്‍ച്ചയ്ക്കുള്ളൂവെന്ന് ഇന്ത്യയും വ്യക്തമാക്കിയിരുന്നു. ഓപ്പറേഷന്‍ സിന്ദൂറിനു പിന്നാലെ, ഭീകരവാദവും സമാധാന ചര്‍ച്ചകളും ഒന്നിച്ചു പോകില്ലെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിരുന്നു. വെള്ളവും രക്തവും ഒന്നിച്ച് ഒഴുകില്ലെന്നുമാണ് ഇന്ത്യയുടെ നിലപാട്.

അതിര്‍ത്തി കടന്നുള്ള ഭീകരതയ്ക്ക് പാകിസ്ഥാന്‍ നല്‍കുന്ന പിന്തുണ പിന്‍വലിച്ചുവെന്ന് ഉറപ്പാക്കാതെ സിന്ധു നദീജല കരാര്‍ മരവിപ്പിച്ചിരിക്കുമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാളും അറിയിച്ചിരുന്നു.

SCROLL FOR NEXT