ഇന്ത്യ-യുഎസ് ഇടക്കാല വ്യാപാര കരാറിൻ്റെ പ്രഖ്യാപനത്തിനിടെ യുണൈറ്റഡ് സ്റ്റേറ്റ്സ് ട്രേഡ് റെപ്രസൻ്റേറ്റീവ് പുറത്തിറക്കിയ ഇന്ത്യയുടെ ഭൂപടത്തിൽ പാകിസ്ഥാൻ അധിനിവേശ കശ്മീരും അക്സായി ചിന്നും. ഈ പ്രദേശങ്ങൾ ഉൾപ്പെട്ട മുഴുവൻ ജമ്മു കശ്മീർ മേഖലയും ഇന്ത്യൻ പ്രദേശത്തിൻ്റെ ഭാഗമായി ചിത്രീകരിച്ചുകൊണ്ടുള്ളതാണ് ഭൂപടം. ഇന്ത്യ-യുഎസ് വ്യാപാര ക്രമീകരണത്തിൻ്റെ വ്യാപ്തി വിശദീകരിക്കുന്ന ഒരു പോസ്റ്റിലാണ് യുഎസ്ടിആർ ഇത് പ്രസിദ്ധീകരിച്ചിട്ടുള്ളത്. ദീർഘകാലമായി അയൽരാജ്യങ്ങളുമായി പ്രദേശിക തർക്കങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് യുഎസ് പുതിയ ഭൂപടം പോസ്റ്റ് ചെയ്തിരിക്കുന്നത്.
2020-ൽ, ജമ്മു കശ്മീരും ലഡാക്കിൻ്റെ ചില ഭാഗങ്ങളും ഗുജറാത്തിലെ ജുനഗഡ്, മാനവദർ, സർ ക്രീക്ക് എന്നിവയും തങ്ങളുടെ പ്രദേശത്തിൽ ഉൾപ്പെടുന്നതായി അവകാശപ്പെടുന്ന ഒരു പുതിയ രാഷ്ട്രീയ ഭൂപടം പാകിസ്ഥാൻ അംഗീകരിച്ചിരുന്നു. ഇന്ത്യ ഈ നീക്കത്തെ എതിർക്കുകയും പാകിസ്ഥാൻ്റെ അവകാശ വാദങ്ങൾ തള്ളിക്കളയുകയും ചെയ്തിരുന്നു. അതേസമയം, ഇന്ത്യൻ പ്രദേശങ്ങളുടെ മേൽ ചൈനയും അവകാശവാദങ്ങൾ ഉന്നയിച്ച് രംഗത്തെത്തിയിരുന്നു. 2023ൽ ബീജിംഗ് പുറത്തിറക്കിയ ഒരു പുതുക്കിയ സ്റ്റാൻഡേർഡ് മാപ്പിൽ അരുണാചൽ പ്രദേശിനെ ദക്ഷിണ ടിബറ്റ് എന്ന് പരാമർശിച്ചിരുന്നു. അക്സായി ചിൻ ചൈന അവരുടെ ഭാഗമായി കാലങ്ങളോളം അവകാശവാദമുന്നയിക്കുന്ന പ്രദേശമാണ്.
യുഎസിൻ്റെ മുൻ നിലപാടുകളിൽ നിന്നുള്ള വ്യതിയാനം കൂടി സൂചിപ്പിക്കുന്നതാണ് പങ്കുവെച്ച പുതിയ ഭൂപടം. യുഎസ് നേതൃത്വം ഇന്ത്യയുടെ ഭൂപടത്തെ അംഗീകരിക്കുന്നുവെന്ന ശക്തമായ നയതന്ത്ര സൂചന കൂടി നൽകുന്ന നീക്കമാണിത്. മുൻകാലങ്ങളിൽ യുഎസ് പുറത്തിറക്കിയിരുന്ന ഭൂപടങ്ങളിൽ പാകിസ്ഥാനെ കൂടെ തൃപ്തിപ്പെടുത്തുന്ന രീതിയിൽ പാക് അധിനിവേശ കശ്മിരിന് കൃത്യമായ അതിർത്തി നൽകിയിരുന്നെങ്കിൽ ഇപ്പോൾ പാക് അധിനിവേശ കശ്മീരിനെ ഇന്ത്യയുടെ ഭാഗമായി അംഗീകരിച്ചു കൊണ്ടുള്ള ഭൂപടമാണ് പുറത്തു വിട്ടിരിക്കുന്നത്.