NATIONAL

ആറുവയസ്സുകാരിയെ മൂന്നാം ക്ലാസുകാരൻ ക്രൂരമായി ഉപദ്രവിച്ചു: ആക്രമിച്ച കുട്ടിക്ക് മനഃശാസ്ത്ര പരിശോധന, സ്കൂൾ പ്രിൻസിപ്പലിന് സസ്പെന്‍ഷന്‍

കഴിഞ്ഞ ബുധനാഴ്ചയാണ് എട്ടുവയസ്സുകാരനായ മൂന്നാം ക്ലാസ് വിദ്യാർത്ഥി ആറുവയസ്സുകാരിയെ സ്കൂൾ പരിസരത്ത് വെച്ച് ക്രൂരമായി ഉപദ്രവിച്ചത്.

Author : ന്യൂസ് ഡെസ്ക്

പഞ്ചകുള: ഹരിയാനയിലെ പഞ്ചകുളയില്‍ സർക്കാർ പ്രൈമറി സ്കൂളിൽ കെജി വിദ്യാർത്ഥിനിയായ ആറുവയസ്സുകാരിയെ മൂന്നാം ക്ലാസുകാരൻ ക്രൂരമായി ഉപദ്രവിച്ച സംഭവത്തിൽ സ്കൂൾ പ്രിൻസിപ്പലിനെ സ്കൂൾ വിദ്യാഭ്യാസ വകുപ്പ് അടിയന്തരമായി സസ്പെൻഡ് ചെയ്തു. സ്കൂളിലെ സുരക്ഷാ വീഴ്ചകളുടെ പേരിൽ കഴിഞ്ഞ ശനിയാഴ്ച രണ്ട് ജെബിടിഅധ്യാപകരെയും വിദ്യാഭ്യാസ വകുപ്പ് സസ്പെൻഡ് ചെയ്തിരുന്നു. സംഭവത്തിൽ സ്കൂൾ പ്രിൻസിപ്പൽ, ക്ലാസ് ഇൻ-ചാർജ്ജ്, സെക്യൂരിറ്റി വാച്ച്മാൻ എന്നിവർക്കെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ടിലെ സെക്ഷൻ 75, ബിഎന്‍എസ് സെക്ഷൻ 125-ബി എന്നിവ പ്രകാരം കുട്ടികളോടുള്ള ക്രൂരതയ്ക്കും അനാസ്ഥയ്ക്കും പഞ്ചകുള സെക്ടർ 20 പോലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ബുധനാഴ്ചയാണ് എട്ടുവയസ്സുകാരനായ മൂന്നാം ക്ലാസ് വിദ്യാർത്ഥി ആറുവയസ്സുകാരിയെ സ്കൂൾ പരിസരത്ത് വെച്ച് ക്രൂരമായി ഉപദ്രവിച്ചത്. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി ചണ്ഡീഗഢിലെ പ്രശസ്തമായ പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് റിസർച്ചിൽ ചികിത്സയിലാണ്. ആശുപത്രിയിലെത്തിയ പിജിഐ ഡയറക്ടർ ഡോ. വിവേക് ലാൽ പെൺകുട്ടിയെ സന്ദർശിക്കുകയും ചികിത്സാ പുരോഗതി വിലയിരുത്തുകയും ചെയ്തു.

പെൺകുട്ടിയുടെ നില മെച്ചപ്പെടുന്നുണ്ടെങ്കിലും വിദഗ്ദ്ധ ഡോക്ടർമാരുടെ സംഘം കുട്ടിയെ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും മുഴുവൻ ചികിത്സാച്ചെലവുകളും ആശുപത്രി ഏറ്റെടുത്ത് സൗജന്യമായാണ് നൽകുന്നതെന്നും അദ്ദേഹം അറിയിച്ചു. കുട്ടി ക്രൂരമായ സംഭവത്തിന്റെ മാനസികാഘാതത്തിലേക്ക് വീണ്ടും പോകാതിരിക്കാൻ കുടുംബാംഗങ്ങൾ അതീവ ശ്രദ്ധ പുലർത്തുന്നുണ്ട്. ഇതേ സ്കൂളിൽ രണ്ടാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയുടെ മൂത്ത സഹോദരിയും സംഭവത്തിൽ ഭയചകിതയാണ്.

സംഭവത്തിൽ ഉൾപ്പെട്ട എട്ടുവയസ്സുകാരനായ കുട്ടിയുടെ മനഃശാസ്ത്രപരമായ പരിശോധന ഇന്ന് നടക്കും. സംഭവത്തിൽ ഹരിയാന ബാലാവകാശ സംരക്ഷണ കമ്മീഷൻ റിപ്പോർട്ട് തേടിയിട്ടുണ്ട്. വിദ്യാഭ്യാസ മന്ത്രി മഹിപാൽ ധന്ദയുടെ നിർദ്ദേശപ്രകാരം രൂപീകരിച്ച അന്വേഷണ സമിതിയും ഉടൻ സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കും.

SCROLL FOR NEXT