പരാഗ് ജെയിൻ 
NATIONAL

മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥന്‍ പരാഗ് ജെയിന്‍ RAWയുടെ തലപ്പത്തേക്ക്

രവി സിന്‍ഹ കഴിഞ്ഞാല്‍ നിലവില്‍ റോയിലെ ഏറ്റവും മുതിര്‍ന്ന രണ്ടാമത്തെ ഉദ്യോഗസ്ഥനാണ് പരാഗ് ജെയിന്‍. എവിയേഷന്‍ റിസര്‍ച്ച് സെന്ററിന്റെ തലവന്‍ കൂടിയാണ് അദ്ദേഹം.

Author : ന്യൂസ് ഡെസ്ക്

മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥന്‍ പരാഗ് ജെയിന്‍ ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജന്‍സിയായ റോ (R&AW) യുടെ തലപ്പത്തേക്ക്. 2025 ജൂണ്‍ 30ന് കലാധി അവസാനിക്കുന്ന നിലവിലെ തലവനായ രവി സിന്‍ഹിയില്‍ നിന്നും പരാഗ് ജെയിന്‍ ചുമതല ഏറ്റെടുക്കും. രണ്ട് വര്‍ഷത്തേക്കാണ് കാലാവധി. ജൂലൈ ഒന്നിന് ഓഫീസ് ചുമതല ഏറ്റെടുക്കും.

രവി സിന്‍ഹ കഴിഞ്ഞാല്‍ നിലവില്‍ റോയിലെ ഏറ്റവും മുതിര്‍ന്ന രണ്ടാമത്തെ ഉദ്യോഗസ്ഥനാണ് പരാഗ് ജെയിന്‍. എവിയേഷന്‍ റിസര്‍ച്ച് സെന്ററിന്റെ തലവന്‍ കൂടിയാണ് അദ്ദേഹം. 1989 ബാച്ച് പഞ്ചാബ് കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥനാണ് പരാഗ്. ഓപ്പറേഷന്‍ സിന്ദൂര്‍ സൈനിക നടപടികളുമായി ബന്ധപ്പെട്ട് പാകിസ്ഥാന്‍ സൈന്യവുമായും ഭീകര കേന്ദ്രങ്ങളുമായെല്ലാം ബന്ധപ്പെട്ട രഹസ്യ വിവരങ്ങള്‍ ശേഖരിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച വിഭാഗമായിരുന്നു പരാഗ് നയിച്ച ഏവിയേഷന്‍ റിസര്‍ച്ച് സെന്റര്‍.

20 വര്‍ഷത്തെ സര്‍വീസിനിടയില്‍ പല സുപ്രധാന ജോലികളും അദ്ദേഹം ഏറ്റെടുത്തിട്ടുണ്ട്. പാകിസ്ഥാന്‍ ഡെസ്‌കിന്റെ നേതൃ ചുമതല, ജമ്മു കശ്മീരില്‍ നടന്ന സുപ്രധാന ഓപ്പറേഷനുകള്‍ എന്നിവയിലെല്ലാം സേവനം നടത്തി. പ്രധാനമായും ആര്‍ട്ടിക്കിള്‍ 370 നടപ്പാക്കുന്ന സമയത്ത്.

പൊലീസില്‍ ആയിരുന്ന സമയത്ത് പഞ്ചാബിലെ തീവ്രവാദത്തിനെതിരായ നടപടികള്‍ കൈക്കൊള്ളുന്നതില്‍ സുപ്രധാന പങ്ക് വഹിച്ചു. സമാനമായി പൊലീസ് സൂപ്രണ്ട്, ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ തുടങ്ങിയ പദവികളില്‍ സുപ്രധാന ഉത്തരവാദിത്തങ്ങള്‍ നിറവേറ്റിയ വ്യക്തികൂടിയാണ്. ശ്രീലങ്കയിലെയും കാനഡയിലെയും ഇന്ത്യന്‍ മിഷനുകളിലും പങ്കെടുത്തു.

SCROLL FOR NEXT