ഗുജറാത്തിലെ അഹമ്മദാബാദിലുണ്ടായ വിമാനാപകടത്തില്‍ നിന്ന് ഒരു യാത്രികന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ബ്രിട്ടീഷ് പൗരനായ വിശ്വാസ് കുമാർ രമേശ് (38) ആണ് രക്ഷപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ രമേഷ് അഹമ്മദാബാദിലെ അശ്വര സിവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.
ഇന്ത്യയിലുള്ള കുടുംബത്തെ സന്ദർശിച്ചതിന് ശേഷം സഹോദരൻ അജയ് കുമാർ രമേശിനൊപ്പം യുകെയ്ക്ക് മടങ്ങുകയായിരുന്നു വിശ്വാസ് കുമാർ. വിമാനം പറന്നുപൊങ്ങി 30 സെക്കൻഡിനകം അസ്വാഭാവിക ശബ്ദം കേട്ടെന്നാണ് ഇയാള്‍ പറയുന്നത്. തീപടരും മുന്‍പ് എമർജന്‍സി എക്സിറ്റ് വഴി വിശ്വാസ് പുറത്തേക്ക് കടക്കുകയായിരുന്നു. എഴുന്നേറ്റപ്പോൾ ചുറ്റും ശവശരീരങ്ങളായിരുന്നുവെന്നാണ് വിശ്വാസ് കുമാർ പറയുന്നത്. ജീവൻ രക്ഷിക്കാൻ വിമാനത്തിൻ്റെ അവശിഷ്ടങ്ങൾക്കിടയിലൂടെ ഓടി. ആരോ ആംബുലൻസിലേക്ക് എടുത്ത് കയറ്റിയെന്നും വിശ്വാസ് കൂട്ടിച്ചേർത്തു.
232 യാത്രക്കാരും പൈലറ്റുമാർ ഉള്‍പ്പെടെ 10 പേരുമായി പറന്നുയർന്ന എയർ ഇന്ത്യ യാത്രാവിമാനം രണ്ട് മിനുട്ടിനകം തീഗോളമായി കത്തിയമരുകയായിരുന്നു. അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്ക് പോയ എയർ ഇന്ത്യ ബോയിങ് 787-8 ഡ്രീം ലൈനര്‍ വിമാനമാണ് അപകടത്തിൽപ്പെട്ടത്. വിമാനത്തിലെ എല്ലാവരും മരിച്ചെന്നാണ് ആദ്യം അധികൃതർ അറിയിച്ചിരുന്നത്.
ഉച്ചയ്ക്ക് 1.39നാണ് ലണ്ടനിലേക്കുള്ള എയര്‍ ഇന്ത്യയുടെ വിമാനം സർദാർ വല്ലഭായ് പട്ടേൽ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്നത്.പറന്നുപൊങ്ങി ഒരു മിനിറ്റ് പിന്നിട്ടപ്പോൾ വിമാനത്തിൽ നിന്ന് അത്യന്തം അപകടകരമായ സാഹചര്യത്തിൽ അയയ്ക്കുന്ന പൈലറ്റിൻ്റെ മേയ് ഡേ സന്ദേശം എയർ ട്രാഫിക് കൺട്രോളിൽ കിട്ടി. എയർ ട്രാഫിക് കൺട്രോൾ തിരികെ പൈലറ്റിനെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികരണം ഉണ്ടായില്ല. ഏതാണ്ട് 645 അടി ഉയരത്തിൽ നിന്ന് വിമാനം താഴേക്ക് കൂപ്പുകുത്താൻ തുടങ്ങി.ആ സമയത്തും വിമാനം ഉയർത്താനുള്ള പൈലറ്റിൻ്റെ പരിശ്രമം പുറത്തുവന്ന ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. ശ്രമം വിഫലമാകുന്നത് തിരിച്ചറിയുന്ന പൈലറ്റ് വിമാനത്തിൻ്റെ മുൻഭാഗം ഉയർത്തിപ്പിടിച്ച് ആഘാതം പരമാവധി കുറയ്ക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. അഹമ്മദാബാദ് നഗരത്തിലെ തിരക്കേറിയ ഭാഗത്ത് മെഡിക്കൽ കോളേജ് ഹോസ്റ്റലിന് മീതെ മെസ് ഹാൾ തകർത്തുകൊണ്ടാണ് വിമാനം ഇടിച്ചിറങ്ങിയത്. അഞ്ച് മെഡിക്കല്‍ വിദ്യാർഥികളാണ് ഈ അപകടത്തില്‍ മരിച്ചത്.