പട്‌ന: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മയെ ഉള്‍പ്പെടുത്തി നിര്‍മിച്ച എഐ വീഡിയോ നീക്കം ചെയ്യാന്‍ ഉത്തരവിട്ട് പട്‌ന ഹൈക്കോടതി. എല്ലാ സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ നിന്നും വീഡിയോ നീക്കണമെന്നാണ് ഉത്തരവ്. ബിഹാര്‍ കോണ്‍ഗ്രസ് യൂണിറ്റാണ് വീഡിയോ പുറത്തിറക്കിയത്.
ഇതിനെതിരെ ബിജെപി ശക്തമായി രംഗത്തെത്തിയിരുന്നു. പ്രധാനമന്ത്രിയുടെ മരിച്ചു പോയ അമ്മയെ അപമാനിക്കുകയാണ് കോണ്‍ഗ്രസ് ചെയ്തതെന്നായിരുന്നു ബിജെപിയുടെ വിമര്‍ശനം. എന്നാല്‍, വീഡിയോയില്‍ എവിടേയും മോദിയുടെ അമ്മ ഹീരാബെന്‍ മോദിയെ അപമാനിക്കുന്നില്ലെന്നായിരുന്നു കോണ്‍ഗ്രസിന്റെ വാദം.
സ്വപ്നത്തില്‍ എത്തി അമ്മ ഹീരാബെന്‍ നരേന്ദ്ര മോദിയെ വഴക്കു പറയുന്നതായിരുന്നു വീഡിയോ. ബിഹാര്‍ കോണ്‍ഗ്രസ് 'സാഹിബിന്റെ സ്വപ്നത്തില്‍ അമ്മ പ്രത്യക്ഷപ്പെടുന്നു' എന്ന ക്യാപ്ഷനോടെയാണ് എഐ ജനറേറ്റഡ് വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്. വീഡിയോ വിവാദമായതോടെ പോസ്റ്റ് ചെയ്തവര്‍ മാപ്പ് പറയണമെന്നും നിയമ നടപടി സ്വീകരിക്കണമെന്നും ബിജെപി വ്യക്തമാക്കിയിരുന്നു.
ഇതിനു പിന്നാലെയാണ് ബിജെപി ഹൈക്കോടതിയെ സമീപിച്ചത്. ബിജെപി ഡല്‍ഹി ഇലക്ഷന്‍ സെല്‍ കണ്‍വീനര്‍ സങ്കേത് ഗുപ്തയാണ് പരാതി നല്‍കിയത്. എല്ലാ സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ നിന്നും വീഡിയോ നീക്കം ചെയ്യണമെന്ന് ചീഫ് ജസ്റ്റിസ് പിബി ബജന്താരി വ്യക്തമാക്കി.