ഡൽഹി: മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ ഭാര്യ റിനികി ഭുയാൻ ശർമ നൽകിയ കേസിൽ കോൺഗ്രസ് നേതാവ് പവന്‍ ഖേരയ്ക്ക് മുൻകൂർ ജാമ്യം. ഹിമന്ത ശർമയുടെ ഭാര്യക്കെതിരെ അപവാദപ്രചരണം നടത്തിയെന്നാണ് കേസ്. റിനികി ഭുയാൻ ശർമ നൽകിയ പരാതിയിൽ കേസെടുത്ത അസം പൊലീസ് സമർപ്പിച്ച ക്രിമിനൽ മാനനഷ്ടക്കേസിലും വ്യാജരേഖ ചമയ്ക്കൽ കേസിലുമാണ് ഖേരയ്ക്ക് സുപ്രീം കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്.
ഗുവാഹത്തി ഹൈക്കോടതി ഖേരയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് ഖേര സുപ്രീം കോടതിയെ സമീപിച്ചത്. ജസ്റ്റിസ് ജെ.കെ. മഹേശ്വരി, ജസ്റ്റിസ് അതുൽ ചന്ദൂർക്കർ എന്നിവർ അടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഭരണഘടനയുടെ ആർട്ടിക്കിൾ 21 പ്രകാരം ഒരു വ്യക്തിയുടെ വ്യക്തി സ്വാതന്ത്ര്യം അപകടത്തിലാക്കാൻ കഴിയില്ലെന്ന് സുപ്രീം കോടതി പറഞ്ഞു.
എന്നാൽ അന്വേഷണവുമായി സഹകരിക്കാനും ആവശ്യമുള്ളപ്പോൾ പൊലീസിന് മുന്നിൽ ഹാജരാകാനും ഖേരയോട് കോടതി നിർദ്ദേശം നൽകി. അന്വേഷണത്തിലോ വിചാരണയിലോ തെളിവുകൾ നശിപ്പിക്കാൻ ശ്രമിക്കരുതെന്നും, കോടതിയുടെ മുൻകൂർ അനുമതിയില്ലാതെ രാജ്യം വിടരുതെന്നും നിർദേശമുണ്ട്.
വിചാരണയ്ക്കിടെ ആവശ്യമെങ്കിൽ, കൂടുതൽ നിബന്ധനകൾ ഏർപ്പെടുത്താൻ വിചാരണ കോടതിക്ക് സ്വാതന്ത്ര്യമുണ്ടെന്നും സുപ്രീം കോടതി പറഞ്ഞു. റിനികി ഭൂയാൻ ശർമയ്ക്ക് ഒന്നിലധികം വിദേശ പാസ്‌പോർട്ടുകൾ ഉണ്ടെന്നും, വിദേശത്ത് സാമ്പത്തിക നിക്ഷേപമുണ്ടെന്നും ഖേര ആരോപിച്ചിരുന്നു.
ഇതേതുടർന്നാണ് ഇവർ പൊലീസിനെ സമീപിച്ചത്. നിരപരാധിയായ ഒരു സ്ത്രീയെ രാഷ്ട്രീയ വിവാദങ്ങളിലേക്ക് വലിച്ചിഴച്ചു എന്ന് ചൂണ്ടിക്കാണിച്ചായിരുന്നു ഖേരയ്ക്ക് ഹൈക്കോടതി ജാമ്യം നിഷേധിച്ചത്.