ഡ്യൂട്ടി സമയം കഴിഞ്ഞ് പൈലറ്റ് വിമാനം പറത്താൻ വിസമ്മതിച്ചതിനെ തുടർന്ന് മുംബൈയിൽ നിന്ന് തായ്‌ലൻഡിലെ ക്രാബിയിലേക്കുള്ള ഇൻഡിഗോ വിമാനത്തിൽ ബഹളം വെച്ച് യാത്രക്കാർ. സംഭവത്തെ തുടർന്ന് പുലർച്ചെ 4:05 ന് പറക്കേണ്ടിയിരുന്ന ഇൻഡിഗോ വിമാനമായ 6E 1085 മൂന്ന് മണിക്കൂറിലധികം വൈകി.
സംഭവത്തിൽ വിമാനത്തിലെ യാത്രക്കാരും ക്യാബിൻ ക്രൂവും തമ്മിൽ രൂക്ഷമായ തർക്കം നടക്കുന്നതിൻ്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. ഡ്യൂട്ടി സമയം അവസാനിച്ചുവെന്ന് പറഞ്ഞ് പൈലറ്റ് പറക്കാൻ വിസമ്മതിച്ചതായാണ് യാത്രക്കാരുടെ ആരോപണം.
ഞങ്ങളുടെ പ്ലാൻസ് എന്താവുമെന്നും. എന്തിനാണ് അയാൾ ഒളിച്ചിരിക്കുന്നതെന്നുമെല്ലാം വീഡിയോയിൽ യാത്രക്കാർ ബഹളം വയ്ക്കുന്നത് കേൾക്കാം. ഒരു യാത്രക്കാരൻ വിമാനത്തിൻ്റെ എക്സിറ്റ് വാതിൽ ചവിട്ടിത്തുറക്കുന്നതും വീഡിയോയിൽ കാണാം.
ഇൻകമിംഗ് വിമാനങ്ങൾ വൈകിയെത്തിയതും, വിമാന ഗതാഗതക്കുരുക്കും, ജീവനക്കാരുടെ ഡ്യൂട്ടി സമയ പരിധി കവിഞ്ഞതുമെല്ലാം വിമാനം വൈകിയതിന് കാരണമായി ഇൻഡിഗോ വക്താവ് വ്യക്തമാക്കി.
ഈ സമയത്ത് വിമാനത്തിലുണ്ടായിരുന്ന രണ്ട് ഉപഭോക്താക്കൾ അനുചിതമായാണ് പെരുമാറിയതെന്നും അവരെ പ്രോട്ടോക്കോൾ അനുസരിച്ച് വിമാനത്തിൽ നിന്നും ഇറക്കി സുരക്ഷാ ഏജൻസികൾക്ക് കൈമാറിയതായും എയർലൈൻസ് വ്യക്തമാക്കി.
കഴിഞ്ഞ മാസവും ജീവനക്കാരുടെ കുറവിനെ തുടർന്ന് വലിയ തോതിലുള്ള പ്രതിസന്ധി നേരിട്ട ഇൻഡിഗോ, കാത്തിരിപ്പ് സമയം ലഘൂകരിക്കാനായി പലതവണ ഭക്ഷണവും ലഘുഭക്ഷണവും നൽകിയതായും അറിയിച്ചു. രാവിലെ 10 മണിക്ക് ക്രാബിയിൽ ഇറങ്ങേണ്ടിയിരുന്ന വിമാനം ഉച്ചയ്ക്ക് 1 മണിയോടെ റിസോർട്ട് ടൗണിൽ എത്തിയതായാണ് വിവരം.