Source: X
NATIONAL

പ്രതിപക്ഷത്തെ കടന്നാക്രമിച്ച് പ്രധാനമന്ത്രി; തിരിച്ചടിച്ച് രാഹുൽ ഗാന്ധി; ബിഹാറിൽ പ്രചരണം കൊഴുപ്പിച്ച് മുന്നണികൾ

കോൺഗ്രസിന്റെ യുവരാജാവിന് മുന്നിൽ പ്രാധാന്യം കുറഞ്ഞ് പോകുമോയെന്ന് ജംഗിൾ രാജിന്റെ രാജകുമാരന് ഭയമാണെന്നും മോദി പറഞ്ഞു

Author : ന്യൂസ് ഡെസ്ക്

പാറ്റന: ബിഹാറിൽ തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കുന്നതിനിടെ പ്രതിപക്ഷത്തെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മഹാസഖ്യം നുണകളാൽ കെട്ടിപ്പൊക്കിയതാണെന്നും വികസനത്തിനായി എൻഡിഎയ്ക്ക് വോട്ട് ചെയ്യണമെന്നും അറായിൽ റാലിയെ അഭിസംബോധന ചെയ്യുന്നതിനിടെ മോദി പറഞ്ഞു. ജെഡിയുവാണ് ബിഹാറിൽ അധികാരത്തിലെങ്കിലും മോദിയും കുറച്ച് ഉദ്യോഗസ്ഥരുമാണ് ഭരണം നടത്തുന്നതെന്ന് രാഹുൽ ഗാന്ധിയും തിരിച്ചടിച്ചു. പരസ്യപ്രചാരണം അവസാനിക്കാൻ രണ്ട് ദിവസം മാത്രം അവശേഷിക്കേ ബിഹാറിൽ മുന്നണികൾ പ്രചാരണം കടുപ്പിക്കുകയാണ്.

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ മൂന്നാം തവണയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രചാരണത്തിനായി ബിഹാറിലെത്തുന്നത്. ഇന്ന് അറായിൽ നടന്ന പ്രചാരണപരിപാടിക്കിടെ മോദി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും തേജസ്വി യാദവിനെയും കടന്നാക്രമിച്ചു.ആർജെഡിയും കോൺഗ്രസും അവരവരുടെ കുടുംബങ്ങളെ മാത്രം കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്.

ഒന്ന് ബിഹാറിലെ അഴിമതി നിറഞ്ഞ കുടുംബവും മറ്റൊന്ന് രാജ്യത്തെ തന്നെ ഏറ്റവും വലിയ അഴിമതി നിറഞ്ഞ കുടുംബമാണെന്നും മോദി കുറ്റപ്പെടുത്തി. കോൺഗ്രസിന്റെ യുവരാജാവിന് മുന്നിൽ പ്രാധാന്യം കുറഞ്ഞ് പോകുമോയെന്ന് ജംഗിൾ രാജിന്റെ രാജകുമാരന് ഭയമാണെന്നുമായിരുന്നു തേജസ്വി യാദവിനെ ലക്ഷ്യം വെച്ച് മോദിയുടെ കടന്നാക്രമണം.

എൻഡിഎയുടേത് സത്യസന്ധമായ പ്രചാരണ പത്രികയാണെന്നും മഹാസഖ്യത്തിന്റെത് നുണക്കോട്ടയാണെന്നും മോദി വിമർശിച്ചു. മഹാഗഢ്ബന്ധൻ അധികാരത്തിലെത്തിയാൽ തമ്മിൽ തല്ലായിരിക്കുമെന്നും മോദി പറഞ്ഞു. പ്രധാനമന്ത്രിക്ക് അതേനാണയത്തിൽ തന്നെ തിരിച്ചടി നൽകി പ്രതിപക്ഷ നേതാവും പ്രതികരിച്ചു. വ്യവസായികളായ മുകേഷ് അംബാനിയാലും, ഗൗതം അദാനിയാലും നിയന്ത്രിക്കപ്പെടുന്ന നേതാവാണ് മോദിയെന്നായിരുന്നു രാഹുലിന്റെ പരിഹാസം.

സംസ്ഥാനത്ത് വോട്ടെടുപ്പിനുള്ള ഒരുക്കങ്ങളും തകൃതിയായി പുരോഗമിക്കുകയാണ്. തെരഞ്ഞെടുപ്പ് നടക്കുന്ന 121 മണ്ഡലങ്ങളിലും പൊലീസ് കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. എല്ലാ നാല് കിലോമീറ്ററിനിടയിലും ചെക്ക് പോസ്റ്റും സ്ഥാപിച്ചിട്ടുണ്ട്. ജൻ സുരാജ് പാർട്ടി നേതാവിന്റെ കൊലപാതകത്തെ തുടർന്ന് സംഘർഷ സാധ്യത കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് ഒരുക്കുന്നത്.

ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന 121 മണ്ഡലങ്ങളിവും ഹൈ വോൾട്ടേജ് പ്രചരണവുമായി മുന്നണികൾ സജീവമാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി , പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഖെ, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയവ അണിനിരത്തിയാണ് മുന്നണികൾ ജനങ്ങളെ ആകർഷിക്കുന്നത്.

SCROLL FOR NEXT