NATIONAL

നേരിട്ട് വിളിച്ച് മോദി; വിജയ്ക്ക് അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി

ഉദയനിധി സ്റ്റാലിനെ പ്രതിപക്ഷനേതാവായി ഡിഎംകെ തെരഞ്ഞെടുത്തു

Author : ന്യൂസ് ഡെസ്ക്

ചെന്നൈ: ഒരു സിനിമാ സ്റ്റൈൽ ക്ലൈമാക്സ് തീർത്താണ് തമിഴ്നാട്ടിൽ ടിവികെയുടെ സർക്കാർ രൂപീകരണം സാധ്യമായത്. മുഖ്യമന്ത്രിയായി വിജയ്‌യും ഒമ്പത് മന്ത്രിമാരും ഇന്ന് സത്യപ്രതിജ്ഞചെയ്തു. പിന്നാലെ വിജയ്‌യെ പ്രധാനമന്ത്രി മോദി നേരിട്ട് ഫോണിൽ വിളിച്ച് അഭിനന്ദനം അറിയിച്ചു. അപ്രതീക്ഷിത പ്രസിസന്ധിയിൽ പോലും എഐഎഡിഎംകെ-എൻഡിഎ കൂട്ട് പിടിക്കാതെയാണ് വിജയ് സർക്കാർ രൂപീകരിച്ചത്. അതേ സമയം ഉദയനിധി സ്റ്റാലിനെ പ്രതിപക്ഷനേതാവായി ഡിഎംകെ തെരഞ്ഞെടുത്തു.

പതിനേഴാം തമിഴ്നാട് നിയമസഭയുടെ ആദ്യ സമ്മേളനം നാളെ നടക്കും. പ്രമുഖ രാഷ്ട്രീയ നിരീക്ഷണങ്ങളെയെല്ലാം കാറ്റിൽപ്പറത്തിയാണ് തമിഴ്നാട്ടിൽ വിജയ്‌യുടെ നേതൃത്വത്തി ടിവികെ സർക്കാർ അധികാരത്തിൽ വന്നത്. നാളെ നടക്കുന്ന ചടങ്ങിൽ എല്ലാ നിയമസഭാംഗങ്ങളും സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേൽക്കും.അതേസമയം രണ്ടിടത്ത് മത്സരിച്ച് വിജയിച്ച വിജയ് തിരുച്ചി ഈസ്റ്റ് മണ്ഡലം ഒഴിഞ്ഞ് രാജിക്കത്ത് മന്ത്രി സെങ്കോട്ടയ്യന് കൈമാറി.

തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് 108 സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായ ടിവികെ, കേവല ഭൂരിപക്ഷത്തിന് പത്തു സീറ്റുകള്‍ മാത്രം അകലെയായിരുന്നു. കോണ്‍ഗ്രസിന്റേയും ഇടതുപാര്‍ട്ടികളുടേയും പിന്തുണ നേരത്തെ തന്നെ ടിവികെ ഉറപ്പാക്കി. ഇതോടെ കേവല ഭൂരിപക്ഷം ഉറപ്പാക്കാന്‍ രണ്ട് സീറ്റുകള്‍ കൂടിയായിരുന്നു ടിവികെയ്ക്ക് വേണ്ടിയിരുന്നത്. എന്നാല്‍ 5 ദിനങ്ങള്‍ വേണ്ടിവന്നു ടിവികെയ്ക്ക് കേവലഭൂരിപക്ഷമായ 118 എന്ന മാജിക് നമ്പറിലേക്കെത്താന്‍.

നിര്‍ണായക വേളയില്‍ നിരുപാധിക പിന്തുണയുമായി വിടുതലൈ ചിരുതൈകള്‍ കച്ചി (വിസികെ) എത്തിയതോടെ ടിവികെ കേവല ഭൂരിപക്ഷം ഉറപ്പിച്ചു. വിസികെ പിന്തുണക്ക് പിന്നാലെ മുസ്ലിം ലീഗും ടിവികെയ്ക്ക് പിന്തുണ കത്ത് കൈമാറി. വിസികെയുടേയും മുസ്ലിം ലീഗിന്റെയും രണ്ട് വീതം സീറ്റ് കൂടി ലഭിച്ചതോടെ കേവലഭൂരിപക്ഷമായ 118 എന്ന മാജിക് നമ്പറും കടന്ന് ടിവികെ 120 എംഎല്‍എമാരുടെ പിന്തുണ ഉറപ്പിച്ചു.

SCROLL FOR NEXT