Source: Social Media
NATIONAL

"ആഴമേറിയ ദുഃഖത്തിനിടയിലും വിട പറഞ്ഞത് മറ്റുള്ളവർക്ക് ജീവൻ നൽകി "; മൻ കീ ബാത്തിൽ ആലിൻ ഷെറിനെ പരാമർശിച്ച് മോദി

"തീരാവേദനയ്ക്കിടയിലും സ്വന്തം കുഞ്ഞിന്റെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ ആ മാതാപിതാക്കള്‍ തീരുമാനിച്ചു. അതൊരു പ്രതീക്ഷയാണ്"

Author : ശാലിനി രഘുനന്ദനൻ

ഡൽഹി: അഞ്ചുപേർക്ക് പുതുജീവൻ പകർന്നു നൽകി യാത്രയായ കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാദാതാവ് ആലിൻ ഷെറിൻ എബ്രഹാമിനെ പ്രകീർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തൻ്റെ പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടിയായ മൻ കീ ബാത്തിലാണ് മോദി കുഞ്ഞ് ആലിനെ പരാമർശിച്ചത്. അവയവദാനത്തിന്റെ അവബോധം വർധിപ്പിച്ചു കൊണ്ടാണ് ആലിൻ യാത്രയായതെന്ന് മോദി പറഞ്ഞു.

സ്വന്തം കുഞ്ഞിനെ നഷ്ടപ്പെടുന്നതിനേക്കാൾ ദുഃഖം മറ്റൊന്നില്ല ആഴമേറിയ ദുഃഖത്തിന് ഇടയിലും ആലിൻ വിട പറയുന്നത് മറ്റുള്ളവർക്ക് ജീവൻ നൽകി കൊണ്ടാണ്. തീരാവേദനയ്ക്കിടയിലും സ്വന്തം കുഞ്ഞിന്റെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ ആ മാതാപിതാക്കള്‍ തീരുമാനിച്ചു. അതൊരു പ്രതീക്ഷയാണ് മോദി പറഞ്ഞു. ആലിനിലൂടെ വൈദ്യശാസ്ത്ര ഗവേഷണത്തിനും ഉത്തേജനം ലഭിക്കുന്നുവെന്നും മോദി കൂട്ടിച്ചേർത്തു.

അവയവദാനത്തിലൂടെ ചരിത്രമായി മാറിയ പത്ത് മാസം പ്രായമുള്ള ആലിന്‍ ഷെറിൻ അഞ്ചു പേർക്ക് പുതുജീവൻ നൽകിയാണ് വിടപറഞ്ഞത്. കുട്ടിയുടെ രണ്ട് വൃക്കകൾ കരൾ, ഹൃദയ വാൾവ്, കോർണിയ എന്നിവയാണ് ദാനം ചെയ്ത്. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഉൾപ്പെടെ രാഷ്ട്രീയ- സാംസ്കാരിക രംഗത്തെ പ്രമുഖരോടൊപ്പം കേരളമൊന്നാകെ കണ്ണീരോടെയാണ് ആലിനെ യാത്രയാക്കിയത്.

ഫെബ്രുവരി അഞ്ചാം തീയതി ഉച്ചയ്ക്ക് 2.30 മണിക്ക് റോഡപകടത്തെ തുടര്‍ന്നാണ് പത്തനംതിട്ട മല്ലപ്പള്ളി സ്വദേശികളുടെ 10 മാസം പ്രായമുള്ള മകള്‍ക്ക് മസ്തിഷ്ക മരണം സംഭവിച്ചത്. കോട്ടയത്ത് നിന്നും തിരുവല്ലയിലേക്ക് എം.സി. റോഡ് വഴി കാറിൽ യാത്ര ചെയ്യുന്നതിനിടെ, പള്ളം ബോർമ കവല ജംഗ്ഷന് സമീപം എതിർദിശയിൽ നിന്നുവന്ന കാർ വാഹനത്തിലേക്ക് ഇടിച്ചുകയറി അപകടം സംഭവിക്കുകയായിരുന്നു.

കുട്ടിയ്ക്ക് ഗുരുതമായി പരിക്കേൽക്കുകയും കൂടെയുണ്ടായിരുന്ന കുട്ടിയുടെ അമ്മയ്ക്കും മാതാവിന്റെ മാതാപിതാക്കൾക്കും സാരമായ പരിക്കുകൾ സംഭവിക്കുകയും ചെയ്തു. അപകടം നടന്ന ഉടൻ തന്നെ കുഞ്ഞിനെ ചങ്ങനാശ്ശേരിയിലേയും തിരുവല്ലയിലേയും ആശുപത്രികളിലേക്കും പിന്നീട് ഫെബ്രുവരി ഏഴിന് കൊച്ചിയിലെ അമൃത ആശുപത്രിയിലേക്കും പ്രവേശിപ്പിച്ചു. ഫെബ്രുവരി 13ന് കുട്ടിയ്ക്ക് മസ്തിഷ്ക മരണം സംഭവിച്ചതിനു പിറകെ കുടുംബാംഗങ്ങൾ അവയവദാനത്തിന് സമ്മതം നൽകുകയായിരുന്നു.

SCROLL FOR NEXT