ഡൽഹി: രണ്ടു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഭൂട്ടാനിലെത്തി. രാജ്യ തലസ്ഥാനത്തെ കാർ സ്ഫോടനം 12 പേരുടെ ജീവനെടുത്ത സാഹചര്യത്തിലാണ് മോദിയുടെ ഭൂട്ടാൻ യാത്ര. സ്ഫോടനത്തെ അപലപിച്ച മോദി കുറ്റക്കാരെ നിയമത്തിന് മുൻപിൽ കൊണ്ടുവരുമെന്ന് ഭൂട്ടാനിൽ പറഞ്ഞു. രാജാവിന്റെ 70 ാം പിറന്നാളാഘോഷത്തിൽ പങ്കെടുക്കാനാണ് മോദിയുടെ യാത്ര.
ഇരു രാജ്യങ്ങളും സംയുക്തമായി വികസിപ്പിച്ച ജലവൈദ്യുതി പദ്ധതി മോദി ഉദ്ഘാടനം ചെയ്യും. പുനാത്സാങ്ചു-II ജലവൈദ്യുത പദ്ധതി ഉദ്ഘാടനം ചെയുന്നതോടെ ഇരുരാജ്യങ്ങൾ തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങൾക്ക് പുതിയ ഊർജ്ജം പകരും. മോദിയുടെ രണ്ട് ദിവസത്തെ സന്ദർശനം പ്രധാന ദേശീയ, ആത്മീയ പരിപാടികളുമായി മുന്നോട്ടുപോകുമെന്നാണ് ഭൂട്ടാനിലെ ഇന്ത്യൻ അംബാസഡർ സന്ദീപ് ആര്യ അറിയിച്ചിരിക്കുന്നത്. ഭൂട്ടാൻ രാജാവ് , നാലാമത്തെ രാജാവ്, പ്രധാനമന്ത്രി ഷെറിംഗ് ടോബ്‌ഗെ എന്നിവരുമായി ചർച്ചകൾ നടത്തുമെന്നും മോദി അറിയിച്ചു.
ബിഹാറിൽ രണ്ടാംഘട്ട വോട്ടെടുപ്പും, ഡൽഹി ചെങ്കോട്ടയ്ക്ക് സമീപം നടന്ന സ്ഫോടനത്തിൽ അന്വേഷണവും പുരോഗമിക്കുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ ഭൂട്ടാൻ യാത്ര. പ്രധാനമന്ത്രിയുടെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെയാണ് യാത്രയുടെ വിവരങ്ങൾ പങ്കുവച്ചിരിന്നു.