മോദിക്ക് ലഭിച്ച സമ്മാനങ്ങൾ ലേലത്തിന് Source; Government of India, Social Media
NATIONAL

ഒരു കോടിയുടെ വിഗ്രഹം, ക്ഷേത്ര മാതൃക മുതൽ കശ്മീരി ഷോൾ വരെ; മോദിയ്ക്കു ലഭിച്ച സമ്മാനങ്ങൾ ലേലത്തിന്

ജമ്മു കശ്മീരിൽ നിന്നുള്ള ഒരു പഷ്മിന ഷാൾ, രാമ ദർബാറിന്റെ തഞ്ചാവൂർ ചിത്രകല, ഗുജറാത്തിൽ നിന്നുള്ള ഒരു രോഗൻ ആർട്ട്‌വർക്ക്, ലോഹ നടരാജ പ്രതിമ, പരമ്പരാഗത നാഗ ഷാൾ എന്നിവയും സമ്മാനങ്ങളുടെ പട്ടികയിൽ ഉൾപ്പെടുന്നു.

Author : ന്യൂസ് ഡെസ്ക്

പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് ലഭിച്ച സമ്മാനങ്ങൾ ലേലം ചെയ്യുന്നു. സമ്മാനമായി ലഭിച്ച 1,300-ലധികം വസ്തുക്കളാണ് ലേലത്തിൽ സ്വന്തമാക്കാൻ കഴിയുക. മോദിയുടെ 75-ാം പിറന്നാളിനോടനുബന്ധിച്ചാണ് ലേലം തുടങ്ങുന്നത്. മനോഹരമായി നിർമ്മിച്ച ഭവാനി ദേവിയുടെ പ്രതിമ, അയോധ്യ രാമക്ഷേത്ര മാതൃക, 2024 ലെ പാരാലിമ്പിക് ഗെയിംസിൽ നിന്നുള്ള കായിക സ്മരണികകൾ ഉൾപ്പെടെ ലേലത്തിന് തയ്യാറാണ്. ഓണലൈൻ ലേലത്തിന്റെ ഏഴാം പതിപ്പ് ഒക്ടോബർ 2 വരെ നീണ്ടു നിൽക്കുമെന്ന് അധികൃതർ അറിയിച്ചു.

പിഎം മെമെന്റോസ് വെബ്‌സൈറ്റ് പ്രകാരം, ഭവാനി ദേവിയുടെ പ്രതിമയുടെ അടിസ്ഥാന വില 1,03,95,000 രൂപയും, രാമക്ഷേത്രത്തിന്റെ മാതൃകയുടെ വില 5.5 ലക്ഷം രൂപയുമാണ്.7.7 ലക്ഷം രൂപ അടിസ്ഥാന വിലയുള്ള പാരാലിമ്പിക്സ് മെഡൽ ജേതാക്കളുടെ മൂന്ന് ജോഡി ഷൂസിനൊപ്പം ഇവ രണ്ടും വിലയുടെ അടിസ്ഥാനത്തിൽ ആദ്യ പട്ടികയിൽ സ്ഥാനം പിടിച്ചതായി സാംസ്കാരിക മന്ത്രാലയം ഉദ്യോഗസ്ഥർ വ്യക്തമാക്കി. ജമ്മു കശ്മീരിൽ നിന്നുള്ള ഒരു പഷ്മിന ഷാൾ, രാമ ദർബാറിന്റെ തഞ്ചാവൂർ ചിത്രകല, ഗുജറാത്തിൽ നിന്നുള്ള ഒരു രോഗൻ ആർട്ട്‌വർക്ക്, ലോഹ നടരാജ പ്രതിമ, പരമ്പരാഗത നാഗ ഷാൾ എന്നിവയും സമ്മാനങ്ങളുടെ പട്ടികയിൽ ഉൾപ്പെടുന്നു.

സാംസ്കാരിക-ടൂറിസം മന്ത്രി ഗജേന്ദ്ര സിങ് ശെഖാവത്ത് നാഷനൽ ഗാലറി ഓഫ് മോഡേൺ ആർട്ടിൽ സമ്മാനങ്ങളുടെ ലേലം ഉദ്ഘാടനം ചെയ്തു. സമ്മാനങ്ങൾ നിലവിൽ പൊതുജനങ്ങൾക്കായി ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. 2019ലാണ് പ്രധാനമന്ത്രിക്ക് ലഭിച്ച സമ്മാനങ്ങൾ ലേലം ചെയ്യാൻ ആരംഭിച്ചത്. ഇതിനോടകം 50 കോടിയിലധികം രൂപ ലേലത്തിലൂടെ സമാഹരിച്ചിട്ടുണ്ട്. ലേലത്തിലൂടെ ലഭിക്കുന്ന തുക ഗംഗാ നദി സംരക്ഷിക്കുന്നതിനുള്ള ‘നമാമി ഗംഗാ’ പദ്ധതിയ്ക്കാണ് നൽകുക.

SCROLL FOR NEXT