നരേന്ദ്ര മോദി Source: Screengrab
NATIONAL

സൈനിക വേഷത്തിൽ പ്രധാനമന്ത്രി; ദീപാവലി ആഘോഷം ഐഎൻഎസ് വിക്രാന്തിൽ നാവികസേനയ്ക്കൊപ്പം

പ്രധാനമന്ത്രി നാവികസേനാ ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്യുകയും രാഷ്ട്രത്തിന് ദീപാവലി ആശംസകൾ നേരുകയും ചെയ്തു...

Author : ന്യൂസ് ഡെസ്ക്

ഗോവ: ഐഎൻഎസ് വിക്രാന്തിൽ നാവികസേനയ്ക്കൊപ്പം ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സൈനിക വേഷത്തിലാണ് മോദി ദീപാവലി ആഘോഷത്തിനെത്തിയത്. തുടർച്ചയായി 12ാം വർഷമാണ് മോദി നാവികസേനയ്ക്കൊപ്പം ദീപാവലി ആഘോഷിക്കുന്നത്.

പ്രധാനമന്ത്രി നാവികസേനാ ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്യുകയും രാഷ്ട്രത്തിന് ദീപാവലി ആശംസകൾ നേരുകയും ചെയ്തു. നാവികസേനയ്ക്കൊപ്പമുള്ള ആഘോഷം അവിസ്മരണീയമെന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി, ഇന്ത്യൻ നാവികസേനയിലെ ധീരരായ സൈനികർക്കൊപ്പം ദീപാവലി ആഘോഷിക്കാൻ കഴിഞ്ഞത് ഭാഗ്യമെന്ന് പറഞ്ഞു. എൻ്റെ ഒരു ഭാഗത്ത് അനന്തമായ ചക്രവാളങ്ങളും ആകാശവുമാണെങ്കിൽ, മറുഭാഗത്ത് ഭീമാകാരമായ ഐഎൻഎസ് വിക്രാന്താണ്. സമുദ്രജലത്തിൽ സൂര്യരശ്മികൾ പ്രതിഫലിക്കുന്നത് ധീരരായ സൈനികർ കൊളുത്തിയ ദീപാവലി വിളക്കുകൾ പോലെയാണെന്നും നാവികസേനയെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി പറഞ്ഞു.

കഴിഞ്ഞ ദിവസം രാത്രി ഐഎൻഎസ് വിക്രാന്തിൽ കഴിഞ്ഞത് അവിസ്മരണീയമായിരുന്നുവെന്ന് മോദി പറഞ്ഞു. നിങ്ങളുടെ ഊർജവും ഉത്സാഹവും നേരിൽ കാണാൻ സാധിച്ചു. ഇന്നലെ നിങ്ങൾ ദേശഭക്തി ഗാനങ്ങൾ ആലപിക്കുന്നത് കണ്ടപ്പോൾ, ഓപ്പറേഷൻ സിന്ദൂരിനെ പാട്ടുകളിലൂടെ വിവരിക്കുന്നത് കണ്ടപ്പോൾ, ഒരു യുദ്ധക്കളത്തിൽ നിൽക്കുമ്പോൾ ഒരു ജവാന് അനുഭവപ്പെടുന്ന അനുഭവം വാക്കുകൾക്ക് ഒരിക്കലും പൂർണമായി വിവരിക്കാൻ കഴിയില്ലെന്ന് തിരിച്ചറിഞ്ഞതായും മോദി പറഞ്ഞു.

SCROLL FOR NEXT