ഡൽഹി:പിഎം ശ്രീ പദ്ധതിയിൽ ഒപ്പുവച്ചതിന് കേരള സർക്കാരിനെ അഭിനന്ദിച്ച് കേന്ദ്രം. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയമാണ് കേരള സർക്കാരിനെ അഭിനന്ദിച്ച് എക്സ് പോസ്റ്റ് പങ്കുവച്ചത്. 2020 ലെ ദേശീയ വിദ്യാഭ്യാസ നയത്തിന് അനുസൃതമായി നൈപുണ്യ വികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിൽ ഈ നീക്കം ഒരു പ്രധാന നാഴികക്കല്ലാണ്.
നൂതനാശയങ്ങളെ പരിപോഷിപ്പിക്കുകയും വിദ്യാർഥികളെ ശോഭനമായ ഭാവിക്കായി സജ്ജമാക്കുകയും ചെയ്യുന്ന ഗുണനിലവാരമുള്ളതും സമഗ്രവുമായ വിദ്യാഭ്യാസം നൽകുന്നതിന് ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ് എന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
കേന്ദ്ര വിദ്യാഭ്യാസ പദ്ധതിയായ പിഎം ശ്രീയില്‍ കഴിഞ്ഞ ദിവസമാണ് കേരള സർക്കാർ ഒപ്പുവച്ചത്. വിദ്യാഭ്യാസ സെക്രട്ടറിയാണ് സർക്കാരിന് വേണ്ടി പദ്ധതിയില്‍ ഒപ്പുവെച്ചത്. പിഎം ശ്രീ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സിപിഐ ഉയര്‍ത്തുന്ന വിയോജിപ്പിനെ കണ്ടില്ലെന്ന് നടിച്ചാണ് സർക്കാരിൻ്റെ ഈ നീക്കം. ഇതോടെ, തടഞ്ഞു വച്ച ഫണ്ട് ഉടന്‍ നല്‍കുമെന്ന് കേന്ദ്രം അറിയിപ്പ് പുറത്തുവിട്ടു.